കൊട്ടിയൂർ ഉത്സവത്തിന് വരുന്നവർ കടൽ കാണാനെത്തും; സുരക്ഷ ഒരു റിബണിൽ; പയ്യാമ്പലത്തും മുഴപ്പിലങ്ങാടും ജീവൻവച്ചു കളിക്കല്ലേ
കണ്ണൂർ ∙ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകളുടെ ആഘോഷമാണ് പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ. ജില്ലയിലെ ക്ഷേത്രങ്ങളിലെ ദർശനം പൂർത്തിയാക്കിയ ശേഷം ബീച്ചുകളിലെത്തി ആഘോഷിക്കുന്നവരുടെ എണ്ണം അനുദിനം കൂടിവരുന്നു. അതേസമയം, കടലിലെ ചുഴിയും മറ്റും അറിയാതെ ഇറങ്ങുന്നവർ അപകടത്തിൽപെടുന്നതും കൂടിവരുന്നു. ടൂറിസ്റ്റുകളുടെ തിരക്ക് കൂടുമ്പോൾ ലൈഫ് ഗാർഡുകൾക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. അത്യാധുനിക ഉപകരണങ്ങളുടെ അഭാവം, ലൈഫ് ഗാർഡുകളുടെ കുറവ് തുടങ്ങിയ കാരണങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്.
പയ്യാമ്പലത്തെ ആഴച്ചുഴികൾ
കണ്ണൂരിൽ അപകടസാധ്യതയേറിയ ബീച്ചാണ് പയ്യാമ്പലം. ഇവിടെ സിസിടിവി ക്യാമറകളില്ല. നടപ്പാതകളിൽ തെരുവുവിളക്കുകൾ കത്താത്തത് മൂലം രാത്രിയിൽ കടലിൽ ഇറങ്ങുന്നവരെ പൊലീസിന് കണ്ടെത്താൻ കഴിയുന്നില്ല. മതിയായ സൈൻബോർഡുകളില്ല. വേലിയേറ്റ സമയങ്ങളിൽ കടലിൽ ഇറങ്ങരുത് എന്ന ബോർഡ് മാത്രമാണ് 4 ഭാഷകളിൽ എഴുതി സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് മറ്റു മുന്നറിയിപ്പ് ബോർഡുകൾ വായിച്ചു മനസ്സിലാക്കാൻ വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടാണ്.
ബീച്ച് ഗ്രീൻ-റെഡ് സോണുകളായി തിരിച്ചിട്ടില്ല. 6 ലൈഫ്ഗാർഡുകളാണ് നിലവിൽ ബീച്ചിലുള്ളത്. രണ്ടു വർഷത്തിനിടയിൽ ബീച്ചിൽ മുങ്ങിമരിച്ചവരിൽ ആറിൽ അഞ്ചു പേരും കർണാടക സ്വദേശികളാണ്. പുലിമുട്ടു ഭാഗവും തകർന്നിരിക്കുകയാണ്. അവിടെ കൈവേലി വേണമെന്നിരിക്കെ അതിനുവേണ്ട നടപടി സ്വീകരിച്ചിട്ടില്ല. 3 ഡ്യൂട്ടി പോയിന്റുകളിലായി 2 ഗാർഡുകളെങ്കിലും കുറഞ്ഞത് വേണം. നിയമിക്കുന്ന ലൈഫ് ഗാർഡ് ഉദ്യോഗസ്ഥർക്ക് പ്രാഥമിക പരിശീലനം മാത്രമാണ് നൽകുന്നത്. ‘‘ സർക്കാർ ഇപ്പോഴും പഴയ പരിശീലന രീതിയാണ് പിന്തുടരുന്നത്. റെസ്ക്യൂ കാൻ, ജെറ്റ് സ്കീ തുടങ്ങിയ അത്യാധുനിക രക്ഷാപ്രവർത്തന ഉപകരണങ്ങൾ കൊണ്ടു വരണം’’– പയ്യാമ്പലം ബീച്ചിലെ ഒരു ലൈഫ് ഗാർഡ് പറഞ്ഞു.
ബീച്ചുകളിൽ തിരയിൽപെട്ടവരെ പകൽ സമയങ്ങളിൽ തിരയാനുള്ള സംവിധാനം മാത്രമാണ് അഗ്നിരക്ഷാസേനയ്ക്കും റസ്ക്യൂ സംഘത്തിനുമുള്ളത്. രാത്രി തിരച്ചിൽ നിർത്തി ഇനി രാവിലെ തുടരും എന്നതാണ് തിരയിൽപെടുന്നവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കേൾക്കാറുള്ളത്. കടലിൽ തിരച്ചിൽ നടത്തുന്നതിനുള്ള സേർച്ച് ലൈറ്റ് പോലുള്ളവ വേണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.
മുഴപ്പിലങ്ങാടും വ്യത്യസ്തമല്ല
കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് അനുദിനം വിനോദസഞ്ചാരികൾ കൂടിവരികയാണ്. കൊട്ടിയൂർ ഉത്സവത്തിന് വരുന്ന കർണാടക സ്വദേശികളിൽ അധികവും കടൽ കാണാനെത്തും. പൊലീസ് ഉദ്യോഗസ്ഥരുടെയും കോസ്റ്റൽ ഗാർഡുകളുടെയും മുന്നറിയിപ്പുകളെ അവഗണിച്ചു പലരും കടലിലേക്ക് ഇറങ്ങും. ഇത് അപകടങ്ങൾക്ക് വഴിവയ്ക്കും. മണിക്കൂറിൽ 20 കിലോമീറ്റർ ആണ് വാഹനങ്ങൾക്ക് വേഗപരിധിയെങ്കിലും 60 കിലോമീറ്റർ വരെ വേഗത്തിൽ മണലിലൂടെ വാഹനങ്ങൾ ഓടിക്കുന്നു. ഇത് ടയറുകൾ മണ്ണിൽ പൂണ്ടു പോകാൻ ഇടയാക്കും. മുഴപ്പിലങ്ങാട് ബീച്ചിൽ സിസിടിവി ക്യാമറകളും രാത്രി പൊലീസ് പട്രോളിങ്ങും ഉണ്ടെങ്കിലും ലൈഫ് ഗാർഡുകളുടെ എണ്ണത്തിലെ കുറവ് തലവേദനയാണ്. 10 ലൈഫ് ഗാർഡുകൾ വേണ്ട സ്ഥാനത്തു 4 പേർ മാത്രം. ഇതിൽ തന്നെ ഒരു ദിവസം 2 പേർ അടുത്ത ദിവസം 2 പേർ ഡ്യൂട്ടിയിൽ എന്ന സമ്പ്രദായമാണ്. രാത്രി സമയങ്ങളിൽ ലൈഫ് ഗാർഡിന്റെ സേവനമേയില്ല.
എടക്കാട് മുതൽ ധർമടം തുരുത്ത് ഭാഗം വരെ നാലര കിലോമീറ്റർ ആണ് ഡ്രൈവ് ഇൻ ബീച്ച്. കൊട്ടിയൂർ ഉത്സവത്തിന്റെ സീസണിൽ വിനോദസഞ്ചാരികളുടെ എണ്ണം ഒരു ലക്ഷം കടക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ടൂറിസ്റ്റുകളെ നിയന്ത്രിക്കാൻ ലൈഫ് ഗാർഡുകൾക്ക് ബുദ്ധിമുട്ടാണ്. കടൽ കാണാൻ വരുന്നവരിൽ പലരും ടെന്റ് കെട്ടി താവളമടിക്കുകയാണ് ചെയ്യുന്നത്. ഡ്രോൺ നിരീക്ഷണമില്ല. മതിയായ സൈൻ ബോർഡുകളില്ല. ഇവിടെ അപകടം സംഭവിച്ചാൽ അടിയന്തര ചികിത്സ നൽകാനുള്ള സൗകര്യമില്ലെന്നും റോഡിന്റെ വീതി കുറവു കാരണം ആശുപത്രിയിലെത്തിക്കാൻ വൈകുമെന്നും പഞ്ചായത്ത് അംഗം രാജേഷ് പറയുന്നു.
സുരക്ഷ ഒരു റിബണിൽ
ഡ്രൈവ് ഇൻ ബീച്ചിൽ ആരെങ്കിലും തിരയിൽപെടുന്ന സാഹചര്യം ഉണ്ടായാൽ കിലോമീറ്ററിനപ്പുറത്ത് നിന്ന് ഹോം ഗാർഡിന് ഓടിവരേണ്ട അവസ്ഥയാണ്. മഴക്കാലത്ത് ഡ്രൈവ് ഇൻ ബീച്ച് തിരയെടുക്കുന്ന പതിവ് ഉണ്ട്. മഴ കനത്ത് പെയ്യുമ്പോൾ ബീച്ചിൽ സന്ദർശകരുടെ പ്രവേശനം തടയാറുണ്ടെങ്കിലും കർശന നടപടികളില്ലാത്തതിനാൽ ഫലവത്താകാറില്ല. ബീച്ചിന്റെ എല്ലാ ഭാഗത്തുമുള്ള പ്രവേശനകവാടങ്ങളിൽ കുറുകേ റിബൺ കെട്ടുക മാത്രമാണ് ചെയ്യാറുള്ളത്. ശക്തമായ കടൽക്ഷോഭത്തെ അവഗണിച്ച് ബീച്ചിലേക്ക് പ്രവേശിക്കുന്നവരെ തടയാനോ മുന്നറിയിപ്പ് നൽകാനോ സംവിധാനമില്ല. ബീച്ചിന്റെ തെറിമ്മൽ ഭാഗം മുതൽ ധർമടം തുരുത്ത് ഭാഗം വരെയുള്ള മേഖല അപകടം നിറഞ്ഞതാണ്. മുൻ വർഷങ്ങളിൽ ഈ മേഖലയിൽ നിന്ന് ഏറെപേർ തിരയിൽപെട്ടിട്ടുണ്ട്. ധർമടം തുരുത്തിന് സമീപത്ത് അഞ്ചരക്കണ്ടിപ്പുഴ കടലിൽ ചേരുന്ന അഴിമുഖം ഭാഗവും അപകട മേഖലയാണ്. എന്നാൽ ഇവിടങ്ങളിലൊന്നും ഒരു മുന്നറിയിപ്പ് ബോർഡും ഇല്ല.
സഞ്ചാരികളുടെ സുരക്ഷയ്ക്കും നിർദേശത്തിനുമായി 2 ലൈഫ്ഗാർഡുമാരെകൂടി നിയമിക്കാൻ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അവർ അടുത്ത ദിവസം തന്നെ ജോലിയിൽ പ്രവേശിക്കും.
