കാലതാമസം ഒഴിവാക്കാൻ സ്റ്റുഡന്റ്‌ പാസ് ഓൺലൈനാക്കി, ഇപ്പോൾ ഫുൾടിക്കറ്റ് എടുക്കേണ്ട് അവസ്ഥയായി

Share our post

മുക്കം: സംസ്ഥാനത്ത് യാത്രാപാസ് വിതരണം ഓൺലൈനാക്കിയതോടെ മോട്ടോർ വാഹന വകുപ്പിന്റെ ലീഡ്‌സ് (ലോ എൻഫോഴ്‌സ്‌മെന്റ് ആൻഡ് ഡാറ്റ സിസ്റ്റം) ആപ്പിൽ കുടുങ്ങി വിദ്യാർഥികളുടെ ബസ് യാത്ര. അധ്യയനവർഷമാരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പാസ് ലഭിക്കാത്തതിനാൽ ബസുകളിൽ ഫുൾടിക്കറ്റെടുത്ത് യാത്രചെയ്യേണ്ട ഗതികേടിലാണ് അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികൾ.

ഭീമമായ ഫീസ് നൽകി അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കിത് കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ത്രൂ സർവീസില്ലാത്ത റൂട്ടുകളിലെ വിദ്യാർഥികളുടെ യാത്രാച്ചെലവ് എട്ടിരട്ടിയാണ്. കഴിഞ്ഞമാസമാണ് യാത്രാപാസ് വിതരണം ഓൺലൈനാക്കി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി സർക്കുലർ പുറത്തിറക്കിയത്.

പ്ലേസ്റ്റോറിൽനിന്ന് ലീഡ്‌സ് ആപ്പ് ഡൗൺലോഡ് ചെയ്ത് വിദ്യാർഥികൾതന്നെ പേരും യാത്രാവിവരങ്ങളും അപ് ലോഡ് ചെയ്യണം. അപേക്ഷകരുടെ പേരുകളടങ്ങിയ പട്ടിക കോളേജ് പോർട്ടലിൽ കയറി മേലധികാരി പരിശോധിച്ച് അപ്രൂവൽ നൽകുന്ന മുറയ്ക്ക് സബ് ആർ.ടി.ഒ ഓഫീസുകളിലെത്തും. അധികൃതർ അംഗീകാരം നൽകിയാൽ വിദ്യാർഥികൾക്ക് പാസ് ഡൗൺലോഡ് ചെയ്ത് പ്രിന്റെറടുക്കാം.

ആപ്പിൽ കയറി വിദ്യാർഥികൾക്ക് പേരും യാത്രാവിവരങ്ങളും ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിലും അവ സബ്മിറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് പരാതി. സംശയദൂരീകരണത്തിന് മോട്ടോർ വാഹനവകുപ്പ് അധികൃതരെ ബന്ധപ്പെട്ടാൽ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു.

അതേസമയം, സംസ്ഥാനത്തൊട്ടാകെ വിദ്യാർഥികൾ പാസിനായി ആപ്പ് ഉപയോഗിക്കുമ്പോൾ സെർവർ ഡൗൺ ആകുന്നതാകാം പ്രശ്‌നത്തിന് കാരണമെന്ന് കോഴിക്കോട് ആർ.ടി.ഒ. ജെബി ഐ. ചെറിയാൻ ‘മാതൃഭൂമി’യോട് പറഞ്ഞു. പുതിയ സംവിധാനം കൊണ്ടുവരുമ്പോഴുള്ള സാങ്കേതികപ്രശ്‌നമാണെന്നും ഉടനെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞവർഷംവരെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ മോട്ടോർവാഹനവകുപ്പിന്റെ സബ് റീജണൽ ഓഫീസുകളിൽനിന്ന് നേരിട്ടാണ് പാസ് വിതരണം ചെയ്തിരുന്നത്. ഇതിലെ കാലതാമസം ഒഴിവാക്കാനാണ് പാസ് വിതരണം ഓൺലൈനാക്കിയത്. കൊടുവള്ളി സബ് ആർ.ടി.ഒ. ഓഫീസ് പരിധിയിൽനിന്ന് ഈ വർഷം 159 പാസുകൾ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഓൺലൈനായി ലഭിച്ച അപേക്ഷകൾക്കെല്ലാം അപ്രൂവൽ നൽകിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!