അപകടത്തില്‍പ്പെട്ട സ്ത്രീയ്ക്ക് ഉടുമുണ്ട് ഊരി നൽകി; മാനുഷികതയുടെ രക്ഷാകരവുമായി ഷാജി
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ അപടത്തില്‍പ്പെട്ട സ്ത്രീക്ക് രക്ഷകനായി ചായവില്‍പ്പനക്കാരന്‍. മാനുഷിക പരിഗണന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാമൂഹിക സാഹചര്യത്തില്‍ മനസ്സിന് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് തൃപ്പൂണിത്തുറയില്‍ നിന്നും വരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ബസ്സിനടിയിലേക്ക് വീണത്. ഈ സമയത്താണ് സമീപത്ത് സൈക്കിളില്‍ കടകള്‍തോറും ചായ വില്‍പ്പന നടത്തുന്ന ഷാജി ഇത് കാണുന്നതും യുവതിയെ രക്ഷിക്കാനുള്ള ഇടപെടൽ നടത്തുന്നതും. അപകടത്തൽപ്പെട്ട സ്ത്രീയുടെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ് പോയിരുന്നത് ശ്രദ്ധയിൽപ്പെട്ട ഷാജി മറ്റൊന്നും ചിന്തിക്കാതെ തൻ്റെ ഉടുമുണ്ടുരിഞ്ഞ് യുവതിയുടെ നഗ്നത മറയ്ക്കുകയായിരുന്നു ‘അരയ്ക്ക് കീഴ്‌പ്പോട്ട് വസ്ത്രമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടുന്നതിന്റെ ബുദ്ധിമുട്ട് ആ സ്ത്രീക്ക് ഒഴിവാക്കാനും,ഒരു സ്ത്രീ എന്ന നിലയില്‍ അവരോടുള്ള മാനുഷിക പരിഗണനയും കൊണ്ടുമാണ് ഉടുമുണ്ടുരിഞ്ഞ് നല്‍കിയത്,ആ സമയത്ത് തന്റെ നാണത്തേക്കാള്‍ അവരുടെ സാഹചര്യമാണ് ചിന്തിച്ചത്’ എന്നായിരുന്നു സംഭവത്തെക്കുറിച്ച് ഷാജി പ്രതികരിച്ചത്.
സ്ത്രീ ശരീരം പലരീതിയിലും ആഘോഷമാക്കുന്ന ഈ സാമൂഹിക സാഹചര്യത്തില്‍ ഷാജിയെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്.
