എല്ലാം നമുക്ക് ശരിയാക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഈ കുഞ്ഞുങ്ങൾ ഇനി സുമനസ്സുകളുടെ തണലിൽ

Share our post

കൊച്ചി: ”എന്താ മോന്റെ പേര്…” നാല് വയസ്സുകാരനായ മണികണ്ഠന്റെ കവിളിൽ തലോടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചപ്പോൾ വന്നയാളെ അവന് മനസ്സിലായിരുന്നില്ല. അദ്ദേഹം കൊടുത്ത മിഠായിയും ബിസ്‌കറ്റുമൊക്കെ കഴിക്കുമ്പോൾ അതേ കൗതുകത്തോടെ മണികണ്ഠനൊപ്പം നാലാം ക്ലാസുകാരനായ ചേട്ടൻ ആനന്ദും ഒന്നാം ക്ലാസുകാരിയായ ചേച്ചി അളകനന്ദയുമുണ്ടായിരുന്നു.

ആ കുഞ്ഞുമക്കൾ മധുരം നുണയുമ്പോൾ നിറഞ്ഞ മിഴികളോടെ കൈകൂപ്പി രാജേശ്വരി പറഞ്ഞു, ”സാറേ അച്ഛനുമമ്മയുമില്ലാത്ത ഈ കുഞ്ഞുങ്ങൾക്ക് അന്തിയുറങ്ങാൻ ഒരു വീട് വേണം. ഇവരെ പഠിപ്പിക്കാൻ എനിക്കൊരു മാർഗം വേണം…” രാജേശ്വരിയെ ചേർത്തുപിടിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു, ”എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങൾക്കൊപ്പം സുമനസ്സുകളുണ്ട്…”

മുത്തശ്ശിയുടെ തണലിൽ വളരുന്ന മൂന്ന് കുഞ്ഞുങ്ങളുടെ ജീവിതയാത്ര ഏറ്റെടുക്കാൻ കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം മുന്നോട്ടുവന്നപ്പോൾ അതിന് പിന്തുണയുമായിട്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയത്. എറണാകുളം കതൃക്കടവ് ജങ്ഷനിൽ റോഡരികിൽ ചെറിയ പച്ചക്കറിക്കട നടത്തുന്ന രാജേശ്വരിയുടെ സംരക്ഷണയിലാണ് ഈ മൂന്ന് കുഞ്ഞുങ്ങളും വളരുന്നത്.

അമ്മ ഉപേക്ഷിച്ച് പോയതോടെയാണ് കുഞ്ഞുങ്ങൾ മുത്തശ്ശിയുടെ തണലിലായത്. ഒരു ഉന്തുവണ്ടിയുടെ ചുറ്റും ചാക്കും മറ്റും വെച്ചുകെട്ടിയ ചെറിയൊരു കടയിലാണ് രാജേശ്വരി പച്ചക്കറി കച്ചവടം നടത്തുന്നത്. സ്‌കൂൾ വിട്ടു വന്നാൽ കുട്ടികൾ കടയുടെ അരികിൽ വിരിച്ച ഷീറ്റിലിരുന്നാണ് കളിയും പഠനവുമെല്ലാം. അതിനിടെ മഴ വന്നാൽ എല്ലാവരും കൂടി ചോർച്ചയുള്ള ആ കൊച്ചുകടയിലേക്ക് കയറി നിൽക്കും. രാത്രി വൈകി മുത്തശ്ശിയും മക്കളും കൂടി തമ്മനത്തുള്ള കുഞ്ഞു വാടകവീട്ടിലേക്ക് പോകും.

പഠനത്തിലും ചിത്രരചനയിലും മികവ് പുലർത്തുന്ന കുഞ്ഞുങ്ങളുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയ കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം കുട്ടികളുടെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സേവാശ്രമത്തിന്റെ മാനേജിങ് ട്രസ്റ്റി സി.എസ്. മുരളീധരൻ, ട്രസ്റ്റിമാരായ പി. കുട്ടികൃഷ്ണൻ, സി.ജി. രാജഗോപാൽ എന്നിവരിൽ നിന്ന് വിവരമറിഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുട്ടികളെയും കുടുംബത്തെയും സന്ദർശിച്ച് ആവശ്യമായ സഹായങ്ങളും മാനസിക പിന്തുണയും ഉറപ്പു നൽകുകയായിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!