അന്തസ്സംസ്ഥാന വാഹനമോഷണം; 22 വർഷമായി ഒളിവിലായിരുന്ന ഹരിയാനക്കാരനെ കണ്ണൂർ ക്രൈം ബ്രാഞ്ച് പിടികൂടി
കണ്ണൂർ : വാഹനമോഷണക്കേസിൽ 22 വർഷമായി മുങ്ങി നടക്കുകയായിരുന്ന ഹരിയാന സ്വദേശിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ത്യൻ നാഷണൽ ലോക് ദൾ (ഐ.എൻ.എൽ. ഡി.) പൽവാൽ മുൻ ജില്ലാ പ്രസിഡന്റ് ഘോഡിയിലെ ബൽ ദേവ് സിങ്ങി (60)നെയാണ് ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ഉത്തർപ്രദേശ് അലിഗഢ് ടപലിൽനിന്ന് അറസ്റ്റ് ചെയ്തത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബൽദേവ് സിങ്ങിനെ കണ്ണൂർ സബ് ജയിലിൽ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ ഒൻപത് വാറണ്ട് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ ടൗൺ സ്റ്റേഷനിൽമാത്രം 10 കേസുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങൾ മോഷ്ടിച്ച് ഒഡിഷയിൽ പോയി രേഖകൾ മാറ്റി കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിൽക്കലാണ് ബൽദേവ് സിങ്ങിന്റെ രീതി. ഇത്തരത്തിൽ ഇരുപത്തഞ്ചോളം വാഹനങ്ങൾക്ക് ഒഡിഷ യിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് രജിസ്ട്രേഷൻ മാറ്റുന്നതിനുള്ള എതിർപ്പില്ലാരേഖ (എൻ.ഒ.സി.) ഇയാൾ സംഘടിപ്പിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേരളത്തിൽ രജിസ്റ്റർചെയ്ത വാഹനങ്ങൾ വിൽക്കാനെത്തിയപ്പോൾ 2004-ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിലിറങ്ങി മുങ്ങി ഹരിയാനയിലും ഡൽഹിയിലും ഉത്തർ പ്രദേശിലുമായി ഒളിച്ച് താമസിക്കുകയായിരുന്നു.
2022-ക്രൈം ബ്രാഞ്ച് ഇയാളെത്തേടി ഹരിയാനയിൽ എത്തിയിരുന്നെങ്കിലും രക്ഷപ്പെട്ടു. കഴിഞ്ഞദിവസം 80 കിലോമീറ്ററോളം വാഹനം പിന്തുടർന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ. സി.വി.മധുസൂദനൻ, എ.എസ്.ഐ.മാരായ കെ.ബിജു, കെ.രാജേഷ്കുമാർ എന്നിവരടങ്ങുന്ന സംഘം ഇയാളെ പിടികൂടിയത്.
