പിണറായി സ്തുതി ഗാനം രചിച്ച ജീവനക്കാരന്റെ സേവനം അവസാനിപ്പിച്ച് യുഡിഎഫ് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സ്തുതിഗാനം രചിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മുൻ നേതാവ് പൂവത്തൂർ ചിത്രസേനന്റെ സേവനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽനിന്ന് വിരമിച്ച ശേഷം ധനകാര്യ വകുപ്പിൽ സ്പെഷ്യൽ മെസഞ്ചർ ആയി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച മുതൽ ജോലിക്ക് എത്തേണ്ടതില്ലെന്ന അറിയിപ്പ് ചിത്രസേനന് കൈമാറി.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ചിത്രസേനൻ രചിച്ച ഗാനം നേരത്തെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായ് പിണറായി’ എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം രചിച്ചത്. പിണറായി വിജയനെ വേദിയിലിരുത്തി അസോസിയേഷൻ ഭാരവാഹികൾ ഈ ഗാനം ആലപിച്ചതും ശ്രദ്ധേയമായിരുന്നു. ഈ സ്തുതിഗാനത്തിന് പ്രതിഫലമായാണ് വിരമിച്ച ശേഷം ചിത്രസേനന് സ്പെഷ്യൽ മെസഞ്ചർ ആയി നിയമനം നൽകിയതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
അതേസമയം, തന്റെ സേവനം അവസാനിപ്പിച്ചത് ഒരു സ്വാഭാവിക നടപടി മാത്രമാണെന്ന് പൂവത്തൂർ ചിത്രസേനൻ പ്രതികരിച്ചു. പുതിയ സർക്കാരുകൾ അധികാരത്തിൽ വരുമ്പോൾ ഇത്തരം തസ്തികകളിൽ മാറ്റം വരുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
