‘ലിറ്റിൽ ഫ്ലവർ’ ബസിൽ പുരുഷൻമാർക്ക് നാളെ സൗജന്യയാത്ര, സ്ത്രീകൾക്ക് മധുരം; വേറിട്ട സമരത്തിന് ബസ് ഉടമ
നെടുമ്പാശേരി: കെഎസ്ആർടിസി സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര സ്വകാര്യബസുകളുടെ നട്ടെല്ലൊടിക്കുന്നുവെന്ന പരാതിയുമായി വേറിട്ട സമരത്തിന് ബസ് ഉടമ. പുരുഷന്മാർക്ക് ഒരു ദിവസം മുഴുവൻ സൗജന്യയാത്രയും സ്വകാര്യ ബസിനെ കൈവിടാത്ത വനിതകൾക്ക് മധുരവും നൽകി മാഞ്ഞാലി- ആലുവ റൂട്ടിലോടുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസ് നാളെ പ്രതിഷേധത്തിനു വേദിയാകും. ബസ് ഉടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാവിലെ 6.30 മുതൽ രാത്രി എട്ട് വരെയുള്ള ഏഴ് ട്രിപ്പുകളിലും ലിറ്റിൽ ഫ്ലവറിൽ പുരുഷന്മാർക്കു സൗജന്യയാത്ര ചെയ്യാം. 25 വർഷത്തിലേറെയായി ബസ് സർവീസ് നടത്തുന്ന തന്റെ ബസ് റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആർടിസി സർവീസുകൾക്കൊപ്പമാണ് ഓടുന്നതെന്നും യാത്രക്കാരിൽ കൂടുതലും വനിതകളായതിനാൽ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നും ഡേവിസ് പറയുന്നു.
