പുതിയ അപുഷ്പി സസ്യത്തെ കണ്ടെത്തി കാലിക്കറ്റിലെ ഗവേഷകർ; വളരുന്നത് മരത്തടിയിലെ കൂണിന് മുകളിൽ
കോഴിക്കോട്: കാസർഗോഡ് ഇടയിലക്കാട് കാവ്, കോഴിക്കോട് പൊയിൽക്കാവ് എന്നിവിടങ്ങളിൽ വളരുന്ന പുതിയ ജനുസ് അപുഷ്പി സസ്യത്തെ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷക സംഘം. ഇന്ത്യയിൽ നിന്നുള്ളത് എന്ന അർഥത്തിൽ ‘ഇൻഡോകോളിയ’ എന്നാണിതിന് പേരിട്ടത്. മുഴുവൻ പേര് ‘ഇൻഡോകോളിയ ദേവേന്ദ്രേ’.
മരത്തടിയിൽ വളരുന്ന ഫെല്ലിനസ് ഫാസ്റ്റുഓസസ് (Phellinus fastuosus) എന്ന ഒരു കൂണിന്റെ മുകളിലാണ് വളരുന്നത് എന്ന സവിശേഷതയും ഇതിനുണ്ട്. ഇന്ത്യയിൽനിന്ന് കണ്ടെത്തുന്ന അഞ്ചാമത്തെ ബ്രയോഫൈറ്റ് ജനുസാണിത്. 2023-ൽ സസ്യഗവേഷക സംഘം കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കാവുകളിലെ ബ്രയോഫൈറ്റ് സസ്യങ്ങളുടെ വൈവിധ്യത്തെക്കുറിച്ചുള്ള പഠനം നടത്തി ഇത് കണ്ടെത്തിയിരുന്നു. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ദേവേന്ദ്രകുമാർ സിംഗിനോടുള്ള ആദരമായി ‘സിലിൻഡ്രോകോളിയ ദേവേന്ദ്രേ’ എന്ന് പേരിട്ട ആ ബ്രയോഫൈറ്റ് സ്പീഷിസിനെക്കുറിച്ചുള്ള തുടർപഠനങ്ങളിലാണ് ഇത് ‘സിലിൻഡ്രോകോളിയ’ ജനുസ് അല്ലെന്നും പുതിയ ജനുസ് ആണെന്നും സ്ഥിരീകരിച്ചത്.
ഇഗ്ലണ്ടിൽ നിന്നുള്ള ‘ജേർണൽ ഓഫ് ബ്രയോളജി’യുടെ ജൂൺ ലക്കത്തിൽ ‘ഇൻഡോകോളിയ’യുടെ സചിത്ര വിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സസ്യശാസ്ത്ര ഗവേഷക വിദ്യാർഥികളായ പി.എം. വിനീഷ, ഒ.എം. ശ്രുതി, പി.പി. നിഷിദ, അധ്യാപകാരായ ഡോ. മഞ്ജു സി. നായർ (കാലിക്കറ്റ് സർവകലാശാല), ഡോ. കെ.പി. രാജേഷ് (ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്) എന്നിവരടങ്ങുന്നതാണ് ഗവേഷക സംഘം. കണ്ണൂർ ജില്ലയിലെ ആറളം ശലഭസങ്കേതത്തിലും ഈ സസ്യം വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിലെയും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെയും ബോട്ടണി വിഭാഗങ്ങളിൽ കേന്ദ്ര ഗവണ്മെന്റിന്റെ ശാസ്ത്ര – സാങ്കേതിക വകുപ്പിന്റെ (ഡി.എസ്.ടി) കോർ റിസർച്ച് ഗ്രാന്റ്, ഫിസ്റ്റ് സ്കീം എന്നീ പദ്ധതികളുടെ സഹായത്തോടെയായിരുന്നു പഠനം.
ഇന്ത്യയിൽ, കേരളത്തിൽ നിന്നടക്കം, നിരവധി പുതിയ സ്പീഷിസുകൾ കണ്ടെത്തി വിവരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബ്രയോഫൈറ്റുകളിലെ ലിവർവർട്ട് വിഭാഗത്തിൽ ഒരു പുതിയ ജനുസുകൾ കണ്ടെത്തുന്നത് അപൂർവമാണ്. ഇതിന് മുൻപ് സസ്യശാസ്ത്രജ്ഞൻ പ്രൊഫസർ ശിവ് രാം കശ്യപാണ് 1914-ൽ ആദ്യ ജനുസ് കണ്ടെത്തിയത്. പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്ന് കണ്ടെത്തിയ അതിന് പേര് ‘ഐച്ചിസോണിയെല്ല’ (Aitchisoniella) എന്നാണ്. 1915-ൽ അവിടെ നിന്ന് തന്നെ ‘സീവാർഡിയെല്ല’ (Sewardiella), 2013-ൽ സൈലന്റ് വാലിയിൽ നിന്ന് മോസ് വിഭാഗത്തിൽ നിന്നുള്ള ‘ഇൻഡോപോട്ടിയ’ (indopottia), 2018-ൽ ഹിമാചൽ പ്രാദേശിൽ നിന്ന് ലിവർവർട്ട് വിഭാഗത്തിൽ ‘ഉദാരിയ’ (Udaria) എന്നിവ കണ്ടെത്തിയിരുന്നു. ‘ഉദാരിയ’ പിന്നീട് പ്രൊഫസർ രാം ഉദാറിന്റെ ബഹുമാനാർഥം 2020-ൽ പരിഷ്കരിച്ച് ‘രാംഉദാരിയ’ ആക്കി. ഇപ്പോൾ കണ്ടെത്തിയ ‘ഇൻഡോകോളിയ’ അഞ്ചാമത്തേതാണ്.
