പറഞ്ഞ വാക്ക് അതേപടി പാലിച്ച് സോഷ്യല്‍ലോകത്തിന്‍റെ നിറകയ്യടി ഏറ്റുവാങ്ങുകയാണ് തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയും ഭാര്യയും നടിയുമായ രശ്മിക മന്ദാനയും. തെലങ്കാനയിലെ അച്ചംപെട്ട് മണ്ഡലിലെ തുമ്മന്‍പെട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇരുവരും ചേര്‍ന്ന് 180 വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തത്. പ്രദേശത്തെ മിടുക്കരായ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് താരദമ്പതികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹം അതേപടി പൂര്‍ത്തീകരിച്ചിരിക്കുകയാണ് താരദമ്പതികള്‍.
മാര്‍ച്ചില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെയാണ് വിജയ്യും രശ്മികയും ചേര്‍ന്ന് പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് എന്ന വാഗ്ദാനം മുന്നോട്ടുവച്ചത്. വിജയ് ഗേവരകൊണ്ടയുടെ അച്ഛന്‍ ദേവരകൊണ്ട ഗോവര്‍ധന്‍ റാവുവിന്‍റെ ജന്മദേശമാണ് തുമ്മന്‍പെട്ട്. തങ്ങളുടെ സ്വപ്നപദ്ധതിക്ക് തുടക്കം കുറിക്കുന്നത് തുമ്മന്‍പെട്ടില്‍ നിന്ന് തന്നെയാകാണം എന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. 45 സ്കൂളുകളില്‍ നിന്നും പഠനത്തില്‍ മികവ് തെളിയിച്ച ഒന്‍പതിലെയും പത്തിലെയും കുട്ടികള്‍ക്കാണ് താരദമ്പതികള്‍ സ്കോളര്‍ഷിപ്പ് നല്‍കിയത്.
ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവച്ചു. ഞങ്ങള്‍ വരുന്നൂ തുമ്മന്‍പെട്ടിലേക്ക് എന്നെഴുതിയ കുറിപ്പിനൊപ്പം ഇരുവരും യാത്ര ചെയ്യുന്ന ചിത്രവും വിജയ് പങ്കുവച്ചിരുന്നു. കൂടാതെ സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ പട്ടികയും ചിത്രത്തിനൊപ്പം പുറത്തുവിട്ടിരുന്നു. തുമ്മന്‍പെട്ടില്‍ നടന്ന സ്കോളര്‍ഷിപ്പ് വിതരണത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. തുമ്മന്‍പെട്ടിലോ, അച്ചംപെട്ടിലോ മാത്രം ഒതുങ്ങാതെ ഈ പദ്ധതി വളര്‍ന്ന് തെലങ്കാനയില്‍ മുഴുവന്‍ സാധ്യമാക്കണമെന്നാണ് ആഗ്രഹമെന്നും താരദമ്പതികള്‍ പറയുന്നു.