ആർഎസ്എസ് വേദിയിലെ വിസിമാരുടെ പങ്കാളിത്തം രാജ്യത്തിന് തന്നെ നാണക്കേട്, ഗവർണർ ചാൻസലർ പദവി ഒഴിയണം
കൊച്ചി: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ റോജി എം. ജോൺ. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവർ ആർഎസ്എസ് വേദി പങ്കിട്ടത് കേരളത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാനും ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കരിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും റോജി എം. ജോൺ പ്രതികരിച്ചു. വൈസ് ചാൻസലർമാരുടെ ഈ നടപടിക്ക് വഴിയൊരുക്കുന്ന രീതിയിലാണ് ഗവർണറുടെ ഇടപെടലുകൾ. അതിനാൽ കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നും ഗവർണർ അടിയന്തരമായി ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹൻ കുന്നുമ്മൽ, എം.ജി. സർവകലാശാല വി.സി ഡോ. ഡി. മാവുത്ത്, മലയാളം സർവകലാശാല വി.സി ചുമതലയുള്ള ഡോ. സി.ആർ. പ്രസാദ് എന്നിവർ മോഹൻ ഭാഗവതിനൊപ്പം വേദി പങ്കിട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
