സുപ്രീം കോടതിയുടെ പ്രത്യേകാനുമതി ഹർജി മുതൽ ഡിജിറ്റൽ മറുപടി വരെ; ഇനി എന്താണ് വീണയ്ക്ക് മുന്നിലെ വഴികൾ?

Share our post

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ടി.വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.‍‍ഡി) സമൻസ് അയച്ചതോടെ വരുംദിവസങ്ങൾ നിയമപോരാട്ടങ്ങളുടേതു കൂടിയാകുമെന്നു വ്യക്തം. എക്സാലോജിക് സൊല്യൂഷൻസ് സേവനങ്ങളൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽനിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്നും മറ്റൊരു കമ്പനിയിൽനിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇ.ഡിയുടെ കേസ്. ഈ തുക കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം’ എന്ന പരിധിയിലാണ് ഇ.ഡി. ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി വീണയുമായും സിഎംആർഎല്ലുമായും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തുകയും ചെയ്തു. പിന്നാലെ ജൂൺ 12ന് കൊച്ചിയിലെ ഇ.ഡി സോണൽ ഓഫിസിൽ ഹാജരാകാൻ വീണയോടും സിഎംആർഎൽ എംഡി ശശിധരൻ കർത്തയും ഉദ്യോഗസ്ഥരും ഉൾപ്പെടെ എട്ട് പേരോടും ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ഏജൻസി.

ഇ.ഡി. അന്വേഷണത്തെ പ്രതിരോധിക്കാൻ വീണയ്ക്കു മുന്നില്‍ ഇനി വഴികളുണ്ടോ? സിഎംആർഎല്ലിന്റെ ഹർജിയിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് തിരിച്ചടിയായെങ്കിലും നിയമപരമായി ചില പ്രതിരോധ വഴികൾ ഇനിയും വീണയ്ക്ക് മുന്നിലുണ്ട് എന്നാണ് നിയമവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു പ്രത്യേകാനുമതി ഹർജി നൽകുക എന്നതാണ് ഇതിലൊന്ന്. ഇ.ഡി റജിസ്റ്റർ ചെയ്ത ഇസിഐആർ റദ്ദാക്കണമെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടാം. ‘അടിസ്ഥാന കുറ്റം’ (പ്രഡിക്കേറ്റ് ഒഫൻസ്) നിലനിൽക്കാതെ കള്ളപ്പണക്കേസ് എടുക്കാൻ കഴിയില്ലെന്ന വാദം സുപ്രീം കോടതിയിൽ ഉയർത്താൻ പ്രതിഭാഗത്തിനു സാധിക്കും. കൂടാതെ ചോദ്യം ചെയ്യലിനു ഹാജരാകുന്നതിനു മുൻപായി വിചാരണ കോടതിയെയോ ഹൈക്കോടതിയെയോ സമീപിച്ചു മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യാനും വീണയ്ക്കു കഴിയും. ഇ.ഡി നൽകിയ സമൻസിലെ സാങ്കേതിക വശങ്ങളെ ചോദ്യം ചെയ്തു ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെടാനോ അഭിഭാഷകൻ മുഖേനയോ ഡിജിറ്റൽ രേഖകൾ വഴിയോ മറുപടി നൽകാൻ അനുമതി തേടാനോ വീണയ്ക്ക് അവകാശമുണ്ട്. നിലവിൽ ഇ.ഡി മരവിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെയും ലോക്കറുകളുടെയും നടപടികൾക്കെതിരെ അടിയന്തര സ്റ്റേ ആവശ്യപ്പെടാനും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കണ്ടെത്തിയ രേഖകൾ ഇ.ഡിക്ക് കൈമാറിയ പ്രത്യേക കോടതി ഉത്തരവിനെതിരെ മേൽക്കോടതികളിൽ അപ്പീൽ നൽകാനും നിയമപരമായി സാധിക്കും.

എന്നാൽ ഇക്കാര്യങ്ങളിൽ നിയമപരമായ തടസങ്ങള്‍ ഒട്ടേറെയുണ്ട് എന്നതാണ് വീണ നേരിടുന്ന പ്രതിസന്ധി. പിഎംഎൽഎ കേസുകളിൽ മുൻകൂർ ജാമ്യം നേടുക എന്നതു നിയമപരമായി അത്രയെളുപ്പമല്ല. പിഎംഎൽഎ നിയമത്തിലെ സെക്‌ഷൻ 45 അനുസരിച്ചുള്ള ‘കടുത്ത ഇരട്ട വ്യവസ്ഥകൾ’ നിലനിൽക്കുന്നതിനാൽ പ്രതി കുറ്റം ചെയ്തിട്ടില്ലെന്നു പ്രഥമദൃഷ്ട്യാ കോടതിക്കു ബോധ്യപ്പെടേണ്ടതുണ്ട്. മുൻകൂർ ജാമ്യാപേക്ഷകളുമായി പോകുമ്പോൾ കോടതിയിൽ അറസ്റ്റിനുള്ള സാധ്യത ഇ.ഡി പരമാവധി ഉപയോഗിക്കാറുള്ളതിനാൽ ചോദ്യം ചെയ്യലിനു തൊട്ടുമുമ്പ് മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നത് തിരിച്ചടിയായേക്കാമെന്നും നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. മറ്റൊന്ന്, സിഎംആർഎൽ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയ സ്ഥിതിക്ക് അതേ ആവശ്യവുമായി വീണ നേരിട്ടു കോടതിയെ സമീപിച്ചാൽ അതിനു നിയമപരമായ നിലനിൽപ്പ് വളരെ കുറവായിരിക്കും. ഒരേ വിഷയത്തിൽ രണ്ടു കോടതികൾ ഇതിനകം വ്യക്തമായ തീർപ്പു കൽപ്പിച്ചു കഴിഞ്ഞതിനാലും, ഇ.ഡിയുടെ അന്വേഷണ പരിധി കൃത്യമാണെന്നു പ്രഖ്യാപിച്ചതിനാലും അന്വേഷണം തടയുക എന്ന നേരിട്ടുള്ള വഴി ഏറെക്കുറെ അടഞ്ഞ മട്ടാണെന്നും നിയമവൃത്തങ്ങൾ പറയുന്നു. ഈ സാഹചര്യത്തിൽ ഹാജരാകാൻ കൂടുതൽ സമയം നീട്ടി ചോദിക്കുക, അല്ലെങ്കിൽ ചോദ്യം ചെയ്യലിന്റെ മറവിൽ പെട്ടെന്നുള്ള അറസ്റ്റ് ഉണ്ടാകരുത് എന്ന തരത്തിലുള്ള താത്ക്കാലിക സംരക്ഷണ ഉത്തരവിനായി കോടതിയെ സമീപിക്കുക, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ചട്ടലംഘനങ്ങൾക്കെതിരെ മാത്രം പ്രത്യേക റിട്ട് ഹർജി നൽകുക തുടങ്ങിയ തന്ത്രപരമായ പരിമിത സാധ്യതകൾ മാത്രമാണ് ഇനി വീണയ്ക്കു മുന്നിൽ അവശേഷിക്കുന്നതെന്നും നിയമവൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.

സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുമോ ഇ.ഡി?

മറുഭാഗത്ത്, ഇ.ഡിക്ക് ഈ കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ നിയമപരമായ അധികാരങ്ങളും വഴികളുമുണ്ട്. പിഎംഎൽഎ സെക്‌ഷൻ 50 പ്രകാരം വീണ വിജയന്റെ മൊഴി ഇ.ഡി വിശദമായി രേഖപ്പെടുത്തും. ഇതു കോടതിയിൽ നേരിട്ടു തെളിവായി സ്വീകരിക്കാൻ നിയമപരമായ സാധുതയുള്ളതാണ്. മുൻപ് നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത ഫോണുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കിയത്, എസ്എഫ്ഐഒ കൈമാറിയ രേഖകള്‍ ഇവയെല്ലാം ചോദ്യം ചെയ്യലിൽ ഉപയോഗിക്കാൻ ഇ.ഡിക്ക് അധികാരമുണ്ട്. കൂടാതെ പിഎംഎൽഎ സെക്‌ഷൻ 17 പ്രകാരം ബാങ്ക് ലോക്കറുകൾ തുറന്നു പരിശോധിക്കാനും, സെക്‌ഷൻ 5 ഉപയോഗിച്ച് കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം എന്ന് സംശയിക്കുന്ന സ്വത്തുക്കൾ 180 ദിവസത്തേക്ക് താത്ക്കാലികമായി കണ്ടുകെട്ടാനും ഇ.ഡിക്ക് സാധിക്കും. ചോദ്യം ചെയ്യലിൽ പ്രതി നിസഹകരണം തുടരുകയോ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ബോധ്യപ്പെടുകയോ ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുൻകൂർ വാറന്റ് ഇല്ലാതെ തന്നെ സെക്‌ഷൻ 19 പ്രകാരം അറസ്റ്റ് ചെയ്യാനും ഇ.ഡിക്ക് നിയമപരമായ അധികാരമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാൽ 24 മണിക്കൂറിനകം പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടാനും, അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്കു വിചാരണയ്ക്കായി ‘പ്രോസിക്യൂഷൻ കംപ്ലയിന്റ്’ കോടതിയിൽ സമർപ്പിക്കാനും ഇ.ഡിക്ക് കഴിയും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!