പ്രഗ്നാനന്ദയുമായി ചെസ് കളിച്ച് വിജയ്; മുഖ്യമന്ത്രിയുടെ കളിമികവിനെ പ്രശംസിച്ച് താരം, 50 ലക്ഷം സമ്മാനം

Share our post

ചെന്നൈ: നോർവേ ചെസ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചരിത്രവിജയത്തിന് പാരിതോഷികമായി 50 ലക്ഷം രൂപയും അദ്ദേഹം നൽകി. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ഒരു സൗഹൃദമത്സരം കളിച്ചു. മുഖ്യമന്ത്രിയോടൊത്തുള്ള അനുഭവം അപ്രതീക്ഷിതവും സന്തോഷകരവുമായിരുന്നെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പ്രഗ്നാനന്ദ പറഞ്ഞു.

അനുമോദനച്ചടങ്ങിൽ ഇരുവരും സൗഹാർദം പങ്കിടുന്നതും ചെസ് കളിക്കുന്നതുമായ വീഡിയോ പുറത്തുവന്നു. സൗഹാർദപരമായ മത്സരത്തിൽ ചില നീക്കങ്ങളിലൂടെ വിജയ്‌യെ പരാജയപ്പെടുത്തിയെങ്കിലും, അദ്ദേഹത്തിന്റെ കളിമികവിനെ പ്രഗ്നാനന്ദ പ്രശംസിച്ചു. മുഖ്യമന്ത്രി നന്നായി കളിച്ചെന്നും തനിക്ക് ഇതൊരു അവിസ്മരണീയമായ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയുമായി ചെസ് കളിച്ചു. ഇത് പ്രതീക്ഷിച്ചിരുന്നതല്ല. സർപ്രൈസ് നിറഞ്ഞതും സന്തോഷകരവുമായ നിമിഷമായിരുന്നു. സമ്മാനവും പ്രചോദനം നൽകുന്നതാണ്. മുഖ്യമന്ത്രി ചെസ് കളിക്കുമായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നു. ഞങ്ങൾ ചെസ് ബോർഡ് കൊണ്ടുവരാൻ പറഞ്ഞു. അദ്ദേഹത്തിന്റെ മേശയിൽവെച്ച് ഞങ്ങൾ ഏറ്റുമുട്ടി. ഞാൻ ജയിച്ചെങ്കിലും മുഖ്യമന്ത്രി നന്നായി കളിച്ചു. കൂട്ടുകാരുമായി ചെസ് കളിക്കാറുണ്ടെന്ന് എന്നോട് പറഞ്ഞു’, പ്രഗ്നാനന്ദ പറഞ്ഞു.

വെള്ളിയാഴ്ച ഓസ്ലോയിൽ നടന്ന നോർവേ ചെസ്സിൽ കിരീടം നേടിയതോടെ പ്രഗ്നാനന്ദ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. പത്താംറൗണ്ടിൽ ജർമൻ താരം വിൻസന്റെ കീമറെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ലോക ഒന്നാംനമ്പർ താരം മാഗ്നസ് കാൾസൺ, നിലവിലെ ലോക ചാമ്പ്യൻ ഡോമ്മരാജു ഗുകേഷ്, അലിറേസ ഫിറോസ്ജ, വെസ്ലി സോ, വിൻസെന്റ് കീമർ എന്നീ ലോകോത്തരെ താരങ്ങളെ മറികടന്നാണ് പ്രഗ്നാനന്ദയുടെ കിരീടനേട്ടം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!