മട്ടന്നൂർ-ഇരിട്ടി റോഡിൽ മോടിപിടിപ്പിക്കൽ തുടങ്ങി

Share our post

മട്ടന്നൂർ : മട്ടന്നൂർ-ഇരിട്ടി റോഡിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഓവുചാലിന്റെ പ്രവൃത്തി തുടങ്ങി. മട്ടന്നൂർ ജങ്‌ഷൻ മുതൽ ആശ്രയ ആസ്പത്രി വരെയുള്ള റോഡിലാണ് ഇരുവശവും ഓവുചാലും നടപ്പാതയും കൈവരി സ്ഥാപിക്കലും ഉൾപ്പെടെയുള്ള പ്രവൃത്തി നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്.

കണ്ണൂർ റോഡിൽ സമാനരീതിയിലുള്ള പ്രവൃത്തി നടത്തിയിരുന്നു. റോഡിൽ നടപ്പാതയും അലങ്കാരവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. 80 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തിയത്. നഗരസഭയുടെ നേതൃത്വത്തിൽ നഗരസൗന്ദര്യവത്കരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. കെ.എസ്.ടി.പി. റോഡിന്റെ പണി നീണ്ടുപോയതിനാലാണ് ഇത് നടപ്പാക്കാൻ വൈകിയത്. മട്ടന്നൂർ ജങ്‌ഷനിൽ ക്ലോക്ക് ടവറും ബസ് സ്റ്റാൻഡിൽ ഓപ്പൺ ഓഡിറ്റോറിയവും സ്ഥാപിച്ചത്‌ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ്. പോലീസ് സ്റ്റേഷന് സമീപത്തായി ഹരിത ഇടനാഴിയുടെ നിർമാണവും നടക്കുന്നുണ്ട്.

മട്ടന്നൂരിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള ഇരിട്ടി റോഡിൽ ഇരുവശവും ഓവുചാലും നടപ്പാതയും വരുമ്പോൾ കുരുക്ക് വീണ്ടും രൂക്ഷമാകുമോയെന്ന ആശങ്കയുമുണ്ട്.

കടകൾക്ക് മുന്നിൽ കൈവരികൾ സ്ഥാപിക്കുന്നതിൽ ആശങ്കയുമായി വ്യാപാരികൾ രംഗത്തെത്തിയിരുന്നു. എന്നാൽ വ്യാപാരികൾക്ക് സൗകര്യപ്രദമായ രീതിയിൽ മാത്രമേ കൈവരികൾ സ്ഥാപിക്കുകയുള്ളൂവെന്ന് നഗരസഭാ അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ഇരിട്ടി റോഡിൽ ഇരിക്കൂർ ഭാഗത്തേക്ക് പോകുന്ന ബൈപ്പാസ് പരിസരത്താണ് ഏറ്റവും ഗതാഗതക്കുരുക്കുള്ളത്.

മത്സ്യമാർക്കറ്റിന് മുന്നിലെ വാഹനപാർക്കിങ്‌ ഇതിന് പ്രധാന കാരണമാണ്. പുതുതായി വന്ന ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി ഇവിടെ ഡിവൈഡർ സ്ഥാപിച്ചതോടെ കുരുക്ക് രൂക്ഷമായെന്ന് യാത്രക്കാർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!