ട്രോളിംഗ് നിരോധനം 2026 ജൂൺ ഒൻപത് മുതൽ
ഈ വർഷത്തെ മൺസൂൺ കാല ട്രോളിങ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച് ചേർന്ന് യോഗത്തിൽ നിലവില്‍ അഴീക്കല്‍ ഹാർബറിൽ ലഭ്യമായ റെസ്ക്യൂ ബോട്ടിന് ആയിക്കര മാപ്പിളബേ ഹാർബറിൽ ട്രോളിംഗ് സമയത്ത് പ്രവേശനം സാധ്യമാകുമോ എന്ന് പരിശോധിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിന് ജില്ലാ കലക്ടർ എന്ന നിലയില്‍ നിർദ്ദേശം നൽകി. യോഗത്തിൽ മത്സ്യത്തൊഴിലാളി സംഘടന നേതാക്കളാണ് മാപ്പിളബേ ഹാർബറിൽ റെസ്ക്യൂ ബോട്ട് ഇല്ലാത്ത കാര്യം ഉന്നയിച്ചത്.
ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) 2026 ജൂണ്‍ 6 ന് പാലക്കോട് ഫിഷ് ലാൻഡിംഗ് കേന്ദ്രത്തിൽ നേരിട്ട് സന്ദര്‍ശിച്ച മണൽത്തിട്ട ഡ്രെഡ്ജിങ് സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്തും. ഇതോടൊപ്പം മാപ്പിളബേ ഹാർബറിലെ ഡ്രെഡ്ജിങ് പ്രശ്നത്തിന് പരിഹാരം കാണാൻ മൈതാനപള്ളിയിൽ പുലിമുട്ട് നിർമ്മിക്കുന്ന കാര്യവും പരിഗണിക്കും.
കണ്ണൂർ ജില്ലയിൽ 157ട്രോളറുകളാണ് നിലവിലുള്ളത്. മത്സ്യബന്ധന ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനം നടത്താൻ പാടില്ല. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട യാനങ്ങൾക്ക് ട്രോളിംഗ് ഒഴികെയുള്ള മത്സ്യബന്ധന രീതികൾ അനുവർത്തിക്കാം.
ട്രോളിങ് കണക്കിലെടുത്ത് അന്യസംസ്ഥാന ബോട്ടുകൾ ജൂൺ 9 ന് മുമ്പായി തീരം വിട്ടു പോകണം. അല്ലാത്തപക്ഷം യാന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
ജൂൺ 9 വൈകുന്നേരമോടെ എല്ലാ ട്രോളിങ് ബോട്ടുകളും കടലിൽ നിന്നും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പോലീസും ഉറപ്പാക്കും.
അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധന സമയത്ത് സംസ്ഥാനത്തിന്റെ ടെറിട്ടോറിയൽ ഏരിയയിൽ പ്രവേശിക്കുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.
ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കാൻ തലായി, അഴീക്കൽ തുറമുഖങ്ങളിൽ രണ്ട് ബോട്ടുകൾ വാടകയ്ക്ക് എടുക്കാനുഉള്ള നടപടികൾ തുടങ്ങി. മാപ്പിളബേ ഹാർബറിൽ ആധുനിക വാർത്താ വിനിമയ സൗകര്യങ്ങൾ ഉള്ള മറൈൻ എഫ്. ആർ.പി റെസ്ക്യൂ യൂണിറ്റും പ്രവർത്തിച്ചുവരുന്നു.
കടൽ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് നിലവിലെ ലൈഫ് ഗാർഡുമാർക്ക് പുറമേ നാലു പേരെ പുതുതായി തിരഞ്ഞെടുക്കും. അവശ്യഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി പരിശീലനം ലഭിച്ച ഒൻപത് സീ റെസ്ക്യു ഗാർഡുമാർ മാട്ടൂൽ, പുതിയങ്ങാടി ഫിഷ് ലാൻഡിങ് കേന്ദ്രം, പാലക്കോട് ഫിഷ് ലാൻഡിങ് കേന്ദ്രം, തലായി, അഴീക്കൽ തുറമുഖങ്ങൾ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
24 x7 പ്രവർത്തിക്കുന്ന കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് സ്റ്റേഷൻ ആരംഭിച്ചിട്ടുണ്ട് (ഫോൺ: 0497 2732487). ട്രോളിംഗ് നിരോധന കാലയളവിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ക്യു.ആർ കോഡ് ബന്ധിപ്പിച്ച ആധാർ കാർഡ്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവ നിർബന്ധമായും കൈയ്യിൽ കരുതണം.
മത്സ്യബന്ധനത്തിൽ പോകുന്നവർ ഫിഷറീസ് സ്റ്റേഷനിൽ നിന്നും മാധ്യമങ്ങൾ വഴിയുമുള്ള കാലാവസ്ഥ അറിയിപ്പുകൾ ഗൗരവമായി എടുക്കണമെന്നും അറിയിച്ചു.
നിരോധനം മൂലം തൊഴിൽരഹിതരാകുന്ന യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധ തൊഴിലാളികൾക്കും പീലിംഗ് ഷെഡ്ഡുകളിലെ പീലിം തൊഴിലാളികൾക്കും ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് സൗജന്യ റേഷൻ അനുവദിക്കാൻ നടപടി സ്വീകരിക്കും.
യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജുഗുനു ആർ, ഡെപ്യൂട്ടി ഡയറക്ടർ (ദുരന്തനിവാരണം), കെ കെ സുബൈർ, ഫിഷറീസ് അസി. ഡയറക്ടർ പ്രീത പി.വി, മത്സ്യ തൊഴിലാളി സംഘടന നേതാക്കൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാന ഫോൺ നമ്പറുകൾ:
കൺട്രോൾ റൂം- 0497 2732487
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്-0497 2731081
അഴീക്കൽ തീരദേശ പോലീസ്-0497 2771093
തലശ്ശേരി തീരദേശ പോലീസ്-0490 2322100
കോസ്റ്റൽ ടോൾ ഫ്രീ-1093.
