അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു, സംഭവം കോഴിക്കോട്ട്; അക്രമത്തിന് കാരണം അതിർത്തി തർക്കമെന്ന് സൂചന

Share our post

കോഴിക്കോട്: വെള്ളയിലിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു. ഞായറാഴ്ച്ച രാവിലെ വെള്ളയിൽ ബിജി റോഡിന് അടുത്തുവെച്ചാണ് സംഭവം. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് അയൽവാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലത(59)ക്കുനേരെ വെടിയുതിർത്തത്. എയർപിസ്റ്റളിന്റെ വെടിയേറ്റ പുഷ്പയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിംജിത്തിനെ വെള്ളയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതിർത്തി തർക്കമാണ് വെടിവെപ്പിലേക്ക് കലാശിച്ചതെന്നാണ് കരുതുന്നത്. ഞായറാഴ്ച്ച രാവിലെ പുഷ്പലതയും ഷിംജിത്തുമായി തർക്കമുണ്ടാവുകയും ഷിംജിത്ത് തന്റെ കൈവശമുള്ള എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവെക്കുകയുമായിരുന്നു. പുഷ്പലതയുടെ വയറിനാണ് വെടിയേറ്റത്.

ഷിംജിത്ത് വൃത്തിഹീനമായ വിധത്തിൽ ഇയാളുടെ വീടിന് മുൻവശത്തായും പുഷ്പലതയുടെ സ്ഥലത്തിന്റെ അതിർത്തിയോട് ചേർന്നും കുതിരലായം കെട്ടി രണ്ട് കുതിരകളെ വളർത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്ക് കലാശിച്ചത് എന്നാണ് കരുതുന്നത്. മാത്രമല്ല ഷിംജിത്ത് മറ്റ് അയൽവാസികളുമായി നിരന്തരം തർക്കത്തിൽ ഏർപ്പെടാറുണ്ട് എന്നും പരാതിയിൽ പറയുന്നു. ഷിംജിത്തിന് എയർ പിസ്റ്റൾ എവിടെനിന്നാണ് കിട്ടിയെന്ന് അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!