മിണ്ടാനും കൂട്ടുകൂടാനും ആരുമില്ലാതെ ഒന്നാം ക്ലാസിൽ ധനുഷ് തനിച്ചാണ്

Share our post

തളിപ്പറമ്പ്: മിണ്ടാനും കൂട്ടുകൂടാനും ആരുമില്ലാതെ ബിഇഎംഎൽപി സ്കൂളിൽ ഒന്നാം ക്ലാസിൽ ധനുഷ് തനിച്ചാണ്. തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ബിഇഎംഎൽപി സ്കൂളിൽ ഇന്നലെ സ്കൂൾ തുറന്നപ്പോൾ ഒന്നാം ക്ലാസിൽ ചേരാനായി എത്തിയത് ഏഴാംമൈലിലെ എം.ധനുഷ് മാത്രം.

മികച്ച കെട്ടിട സൗകര്യങ്ങളും ഒന്നു മുതൽ 5 വരെ ക്ലാസ്സുകളുമുള്ള ഈ വിദ്യാലയത്തിൽ ധനുഷിനെ കൂടാതെ ആകെയുള്ളത് 16 വിദ്യാർഥികളാണ്.

2ാം ക്ലാസിൽ 2 പേരും 3,4 ക്ലാസുകളിൽ 4 പേരും 5ാം ക്ലാസിൽ 6 വിദ്യാർഥികളുമാണ് ഉള്ളത്. 1893 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ പഠിച്ച് ജീവിതത്തിന്റെ ഉന്നത തലങ്ങളിൽ എത്തിയ ഒട്ടേറെപ്പേർ ഈ നാട്ടിൽ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിഇഎംഎൽപി സ്കൂളിന്റെ അവസ്ഥ പരിതാപകരമാണ്. മികച്ച അധ്യയനവും മറ്റ് സൗകര്യങ്ങളും നൽകുന്നുണ്ടെങ്കിലും നഗരമധ്യത്തിലുള്ള ഇവിടേക്ക് വിദ്യാർഥികളെ ചേർക്കാൻ ആരും തയാറാകുന്നില്ലെന്ന് പ്രധ്യാനാധ്യാപിക കൊച്ചുറാണി പറയുന്നു.

ധനുഷിന്റെ പിതാവ് മണികണ്ഠനും അമ്മ രാജേശ്വരിയും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളായത് കൊണ്ടാണ് ഇവിടെ ചേർത്തത്. പ്രധാനാധ്യാപിക കൊച്ചുറാണി മാത്രമാണ് ഇവിടെ സ്ഥിരം അധ്യാപിക. മറ്റു 4 അധ്യാപകരും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. വാർഡ്സഭ ചേരാനും തിരഞ്ഞെടുപ്പ് കാലത്ത് ബൂത്തായി ഉപയോഗിക്കുവാനുമാണ് അധികൃതർ സ്കൂളിനെ കാണുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. പാനൂർ തൃപ്പങ്ങേട്ടൂർ പഞ്ചായത്തിലെ നരിക്കോട്ടുമല ഗവ.എൽപി സ്കൂളിൽ ഒന്നാം ക്ലാസിൽ 2 വിദ്യാർഥികളാണ് എത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!