കുറ്റവാളിയാകാൻ ഉദ്യോഗസ്ഥൻ നേരിട്ട് കൈക്കൂലി കൈപ്പറ്റണമെന്നില്ല; സുപ്രിംകോടതി
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥൻ കൈക്കുലി വാങ്ങുന്നതും വാങ്ങാൻ ശ്രമിക്കുന്നതും കുറ്റകരമെന്ന് സുപ്രിംകോടതി. അഴിമതി നിരോധന നിയമപ്രകാരം ഒരു ഉദ്യോഗസ്ഥൻ തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതും മറ്റു ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തുന്നതും കുറ്റകരമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
കൈക്കൂലി കേസിൽ കുറ്റവാളിയാകാൻ ഒരു ഉദ്യോഗസ്ഥൻ വ്യക്തിപരമായി കൈക്കൂലി വാങ്ങേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നേരിട്ടോ വ്യക്തിപരമായി സ്വാധീനം ചെലുത്തിയോ കീഴുദ്യോഗസ്ഥർ മുഖേനയോ കുറ്റകൃത്യം ചെയ്യാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ബെല്ലാരി ജില്ലയിലെ സിഗുരുപ്പ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.രംഗയ്യക്കെതിരായ എഫ്ഐആർ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക ലോകായുക്ത നൽകിയ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി വിധി. രംഗയ്യക്കെതിരായ എഫ്ഐആർ 2023 ജൂണിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഉദ്യോഗസ്ഥൻ നേരിട്ട് കൈക്കൂലി ആവശ്യപ്പെടുകയോ പണം സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ് റദ്ദാക്കിയത്. ഇതിനുപിന്നാലെയാണ് കർണാടക ലോകായുക്ത സുപ്രിംകോടതിയെ സമീപിക്കുന്നത്.
അപ്പീലിൽ വാദം കേട്ട സുപ്രിംകോടതി, സിആർപിസി സെക്ഷൻ 482 പ്രകാരമുള്ള അധികാരപരിധി ഹൈക്കോടതി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി. തെളിവുകൾ നിലനിൽക്കെ ഹൈക്കോടതി വിചാരണ ചുരുക്കിയെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രഥമദൃഷ്ട്യ തെളിയിക്കപ്പെട്ടതാണെന്നും കോടതി പറഞ്ഞു. പരാതിക്കാരനോട് ‘ആ പൊലീസുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ’ രംഗയ്യ പറഞ്ഞതായും തുടർന്ന് പരാതിക്കാരനിൽ നിന്നും കീഴുദ്യോഗസ്ഥൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതി, എഫ്ഐആർ പുനഃസ്ഥാപിക്കുകയും കേസിൽ മറ്റു നടപടികളുമായി മുന്നോട്ടുപോകാൻ വിചാരണ കോടതിക്ക് നിർദേശം നൽകുകയും ചെയ്തു.
