പൊള്ളാച്ചിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് മരണം
കോയമ്പത്തൂർ: പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം. നല്ലമ്പള്ളി ജങ്ഷന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ അമിതവേഗത്തിലെത്തിയ കാറിടിച്ചാണ് അപകടം.
മരിച്ചവരിൽ നാലുപേർ ഒരു കുടുംബത്തിൽപ്പെട്ടവരാണ്. കോയമ്പത്തൂർ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാമ്പാളയം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഗുരുബാമ്പാളയം സ്വദേശിയായ കനകരാജ്, ഭാര്യ നർമദ, ഇവരുടെ മക്കളായ ആർത്തി, പൂരണി എന്നിവരാണ് മരിച്ച നാലുപേർ.
കാറിലുണ്ടായിരുന്ന അഞ്ചാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ വാഹനത്തിന്റെ ഡ്രൈവറാണോ അതോ മറ്റ് യാത്രക്കാരനാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചു.
