സ്വകാര്യവാഹനം ഉപയോഗിക്കാനുള്ള അനുമതി മൂന്ന് പേര്‍ക്ക് മാത്രം, കെഎം ഷാജിക്ക് അനുമതി ഒരു യാത്രയ്ക്ക് മാത്രം
തിരുവനന്തപുരം: മന്ത്രിമാരില്‍ സ്വകാര്യവാഹനം ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചത് മൂന്ന് പേര്‍ക്ക് മാത്രം. കെഎം ഷാജിക്ക് സ്വകാര്യവാഹനം ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഒരു യാത്രയ്ക്ക് മാത്രമെന്നും വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. രമേശ് ചെന്നിത്തലയ്ക്കും പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും അബ്ദുള്‍ ഗഫൂറിനും മാത്രമാണ് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാന്‍ പൊതുഭരണ വകുപ്പിന്റെ അനുമതിയുള്ളത്.
അനുമതി ഉണ്ടെന്ന കെ എം ഷാജിയുടെ വാദം ശരിയല്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാന്‍ അനുമതി നല്കി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. റേയ്ഞ്ച് റോവര്‍ ഉപയോഗിക്കാന്‍ കെ എം ഷാജിക്ക് അനുമതി നല്‍കിയത് ഒരു യാത്രയ്ക്ക് മാത്രമാണ്. കണ്ണൂരില്‍ നിന്നും കൂര്‍ഗിലേക്ക് പോകാനാണ് അനുമതി ലഭിച്ചത്. സര്‍ക്കാര്‍ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചെന്നിത്തല സ്വന്തം വണ്ടിക്ക് അപേക്ഷ നല്‍കിയത്.
സര്‍ക്കാര്‍ വാഹനമായി സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിനെ ചൊല്ലി കെ എം ഷാജിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുഹൃത്തിന്റെ റേഞ്ച് റോവര്‍ വാഹനത്തില്‍ മന്ത്രിയുടെ ഔദ്യോഗിക വാഹന നമ്പറായ പതിമൂന്നാം നമ്പര്‍ പതിക്കുകയും ചെയ്തിരുന്നു. മന്ത്രിമാര്‍ പുറത്തുനിന്നുള്ള വാഹനം ഉപയോഗിക്കുന്നതില്‍ കൃത്യമായ ഗൈഡ്ലൈനുണ്ട്. മറ്റൊരു വാഹനം ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണ്. സര്‍ക്കാര്‍ നല്‍കിയത് കണ്ടം ചെയ്ത വണ്ടിയായതുകൊണ്ടാണ് നാട്ടിലോടാന്‍ സുഹൃത്തിന്റെ വണ്ടിയെ ആശ്രയിച്ചതെന്നും സര്‍ക്കാരിന്റെ അനുമതിയോടെയാണന്നും കെ എം ഷാജി പറഞ്ഞിരുന്നു. വിവാദമായതോടെ വാഹനം സൃഹൃത്തിന് തിരികെ നൽകുകയായിരുന്നു. ആവശ്യം വന്നപ്പോൾ വാങ്ങി എന്നായിരുന്നു സുഹൃത്തിന്റെ പ്രതികരണം.
