വിഴിഞ്ഞത്ത് വന്‍ വിദേശ നിക്ഷേപം; അദാനി പോര്‍ട്ടിന്റെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ എംഎസ്‌സി ഗ്രൂപ്പ്

Share our post

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വന്‍ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സി സ്വന്തമാക്കും.

എംഎസ്‌സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ മുന്‍ഡി ലിമിറ്റഡ് ആണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. എവിപിപിഎല്ലിന് 285 കോടി ഡോളര്‍ (ഏകദേശം 27,000 കോടി രൂപ) മൂല്യം വിലയിരുത്തി 139.7 കോടി ഡോളറിനാണ് (ഏകദേശം 13,270 കോടി രൂപ) 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അദാനി പോര്‍ട്ട്‌സ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ തുറമുഖ മേഖലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷപമാണിത്.

നിലവില്‍ 16 ലക്ഷം ടിയുഇ ശേഷിയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. വികനത്തിലൂടെ 3.5 മടങ്ങ് വര്‍ധിച്ച് 57 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയരും. സഹകരണം സാധ്യമാകുന്നതോടെ ബംഗ്ലാദേശ് ചരക്കുകളില്‍ കൂടുതല്‍ പങ്കാളിത്തം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. എംഎസ്‌സിയുടെ സഹകരണം വഴി വിഴിഞ്ഞത്ത് കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്താനും പശ്ചാത്തല വികസനം കൂടുതല്‍ മെച്ചമാക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. വിഴിഞ്ഞം തുറമുഖത്ത് നിലവില്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അദാനിയും എംഎസ്‌സിയും തമ്മിലുള്ള ഇന്ത്യയിലെ മൂന്നാമത്തെ തുറമുഖ സഹകരണമാണിത്. നിലവില്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെര്‍മിനലിലും തമിഴ്‌നാട് എന്നോറിലുമാണ് സഹരണമുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!