ആകാശത്ത് വെച്ചും ഓണമുണ്ണാം! ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യ
തിരുവനന്തപുരം: കേരളമൊന്നടങ്കം ഓണാഘോഷത്തിലേക്ക് കടന്നിരിക്കുകയാണല്ലോ. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും ഒത്തുകൂടലുകളുമൊക്കെ ഇതിനോടകം പ്ലാൻ ചെയ്തവരായിരിക്കും അധികപേരും. ഓണസദ്യയുടെ കൂട്ടുകളെ കുറിച്ചും വിഭവങ്ങളെ കുറിച്ചും വിളിക്കേണ്ടവരുടെ ലിസ്റ്റിനെ കുറിച്ചുമെല്ലാം കുടുംബങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയിട്ടുമുണ്ടാകും. എന്നാൽ, ഇപ്പോഴിതാ, ഓണക്കാലത്ത് വിമാനങ്ങളിലിരുന്നും സദ്യയുണ്ണാൻ അവസരമൊരുക്കിക്കൊണ്ട് ഓണാഘോഷങ്ങളുടെ ഭാഗമാകുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.
ഓണക്കാലത്ത് കേരളത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണമുണ്ണാൻ അവസരമൊരുക്കുകയാണ് എയർ ഇന്ത്യ. ആഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഓണസദ്യ മുൻകൂറായി ബുക്ക് ചെയ്യാം. യാത്രയുടെ 18 മണിക്കൂറെങ്കിലും മുൻപ് ബുക്കിങ് നടത്തിയിരിക്കണമെന്നാണ് പ്രധാന നിബന്ധന.
സർവീസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. ആകാശത്ത് ഓണസദ്യ കഴിക്കാൻ അവസരമൊരുക്കുന്നതിലൂടെ കേരളത്തിന്‍റെ തനത് ആഘോഷമായ ഓണത്തെ ലോകമൊട്ടാകെ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിങ്, ഇ-കൊമേഴ്സ്, ലോയൽറ്റി മേധാവി സുനിൽ സുരേഷും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. പ്രധാനമായും, ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന മലയാളികൾക്കാണ് ഈ സേവനം കൂടുതൽ ഉപയോഗപ്പെടുത്താനാവുക.
കേരളത്തിന്‍റെ തനത് പാരമ്പര്യത്തിന്‍റെ തനിമയൊട്ടും ചോരാതെ, തികച്ചും പരമ്പരാഗത രീതിയിലാണ് യാത്രക്കാർക്ക് സദ്യ വിളമ്പുകയെന്ന് അധികൃതർ അറിയിച്ചു. പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, സാമ്പാർ, പുളിയിഞ്ചി, മാങ്ങാ അച്ചാർ, ഏത്തക്കയുപ്പേരി, ചക്കരവരട്ടി, പായസം എന്നിവയടങ്ങിയതാണ് സദ്യ. മുൻവർഷങ്ങളിലും എയർ ഇന്ത്യ എക്സ്പ്രസ് സമാനമായ രീതിയിൽ വിമാനങ്ങളിൽ ഓണസദ്യയൊരുക്കിയത് വൻവിജയമായിരുന്നു.
