‘ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത്; ഒടുവിൽ കൂലി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്തു ചെയ്യും?’

Share our post

കരിവെള്ളൂർ : ‘ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത് ഒടുവിൽ കൂലി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്തു ചെയ്യും ?’ അരനൂറ്റാണ്ടിലധികമായി കൈത്തറി മേഖലയിൽ ജോലി ചെയ്യുന്ന കരിവെള്ളൂർ ഹാൻഡ് ലൂം വീവേഴ്‌സ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ എം.അമ്പുവിന്റെ സങ്കടവാക്കുകളാണിത്. സ്കൂൾ കുട്ടികൾക്ക് യൂണിഫോം നെയ്തു നൽകിയ വകയിൽ കൈത്തറി തൊഴിലാളികൾക്ക് ആറുമാസത്തെ കൂലി ലഭിക്കാനുണ്ട്. 2025 നവംബറിലാണ് അവസാനമായി യൂണിഫോം നെയ്ത കൂലി ലഭിച്ചത്. പിന്നീടിങ്ങോട്ട് ഇവർ ജീവിതം തള്ളിനീക്കുകയായിരുന്നു. ഷർട്ട് ഒരു മീറ്ററിന് 56.98 രൂപയും സ്യൂട്ടിങ്ങിന് 68.53 രൂപയുമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ദിനംപ്രതി 5 മുതൽ 7 മീറ്റർ വരെ തൊഴിലാളികൾ നെയ്തെടുക്കും.

ചില കൈത്തറിശാലകളിലെ തൊഴിലാളികൾ ഉച്ചവരെ ജോലി ചെയ്ത് ഉച്ചയ്ക്ക് ശേഷം മറ്റു തൊഴിലെടുക്കുകയാണ്. 2019 ഏപ്രിൽ മുതൽ തൊഴിലാളികൾക്ക് പ്രൊഡക്ഷൻ ഇൻസെൻന്റീവും ലഭിക്കാനുണ്ട്. നിശ്ചിത മീറ്ററിലധികം നെയ്തെടുത്താൽ തൊഴിലാളികൾക്ക് ലഭിക്കുന്ന കൂടുതൽ വേതനമാണ് പ്രൊഡക്ഷൻ ഇൻസെൻന്റീവ്. പലർക്കും ഒരു ലക്ഷം രൂപ മുതൽ ഇൻസെൻന്റീവ് ലഭിക്കാനുണ്ട്. നൂലിന്റെ ലഭ്യത കുറവ് വ്യവസായത്തിന്റെ മുന്നോട്ട് പോക്കിനെ സാരമായി ബാധിക്കുന്നു. കൃത്യമായി കൂലി ലഭിക്കാത്തത് കൈത്തറി തൊഴിലാളികളുടെ ദുരിതത്തിന് കാരണമാകുന്നു. പ്രയാസങ്ങൾ കാരണം പുതിയ ആളുകൾ ആരും ജോലിയിലേക്ക് കടന്നു വരുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!