ആദ്യമേ കമ്പനി പറഞ്ഞു; മഴക്കാലത്ത് ചോരും; മഴക്കോട്ടിട്ട് യാത്ര ചെയ്യാനും ആളില്ല, 2.5 കോടിയുടെ ഡബിൾ ഡെക്കർ ബസിൽ താഴെയും വേണം കുട

Share our post

കോഴിക്കോട് ∙ സീലിങ്ങിൽ നിന്ന് വെള്ളം ചോർന്നു താഴെയുള്ള യാത്രക്കാരുടെ തലയിലേക്ക്, പെരുമഴയിൽ ഡബിൾ ഡെക്കർ ബസിൽ കുടപിടിക്കേണ്ട സ്ഥിതി. ചാർജിങ്ങും പ്രതിസന്ധിയിലായതോടെ ഡബിൾ ഡെക്കർ ബസിലെ യാത്ര ദുരിതപൂർണം. രണ്ടരക്കോടിയോളം രൂപയുടെ ഇലക്ട്രിക് ബസാണ് സിറ്റി ടൂർ പദ്ധതിക്കായി കൊണ്ടുവന്നത്.

മഴക്കാലത്ത് ചോർച്ചയുണ്ടാകുമെന്ന് ആദ്യമേ കമ്പനി പറഞ്ഞിരുന്നു. ലീക്ക് പ്രൂഫ് ചെയ്ത് പരിഹരിക്കാമെന്നും അറിയിച്ചിരുന്നു. ജൂണിൽ പെരുമഴ വന്നതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. മഴക്കോട്ടിട്ട് യാത്ര ചെയ്യാൻ ആളുകളെ കിട്ടാതായി. മുകൾ‍നിലയിലെ വെള്ളം ലൈറ്റുകൾ‍ക്കിടയിലൂടെ താഴെ നിലയിലേക്ക് ഒഴുകിത്തുടങ്ങിയതോടെയാണ് കമ്പനിയെ പ്രശ്നം അറിയിച്ചത്. എന്നാൽ കമ്പനി പ്രതിനിധികളെത്തി പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല.

മാർച്ച് 27ന് യാത്ര തുടങ്ങിയതു മുതൽ ഹിറ്റായി ഓടുന്നതാണ് ഡബിൾ ഡെക്കർ ബസ്. ആഘോഷ പരിപാടികളുടെ വേദിയായി ബസ് മാറുകയും ചെയ്തു. ഇതുവരെ പന്ത്രണ്ടു ലക്ഷത്തോളം രൂപ വരുമാനമുണ്ട്. വേനൽക്കാലത്ത് പ്രതിദിനം 35,000 രൂപ വരെ വരുമാനമുണ്ടായിരുന്നു. എന്നാൽ‍ മഴക്കാലമെത്തിയതോടെ ആളുകൾ കുറഞ്ഞു. 1500 രൂപ മാത്രം കിട്ടിയ ദിവസങ്ങളുമുണ്ട്. കെഎസ്ആർടിസി ടെർമിനലിൽ ബസ് ചാർജ് ചെയ്യാനായി ചാർജിങ് പോയിന്റ് ഒരുക്കിയിരുന്നു. ഇത് ഷോർട്ട് സർക്കീറ്റായി. ചാർജറിനകത്തെ ഭാഗങ്ങൾ രണ്ടുതവണ കത്തി. ഇലക്ട്രിക്കൽ പ്രശ്നം കണ്ടെത്തിയ കെഎസ്ഇബി ഇതു പരിഹരിക്കാൻ നോട്ടിസ് നൽകി.

നിലവിൽ ബസ് പുറത്തുകൊണ്ടുപോയി ചാർ‍ജിങ് സ്റ്റേഷനിലാണ് ചാർജ് ചെയ്യുന്നത്. ഇതിനു കൂടുതൽ പണം ചെലവാകും. മണിക്കൂറുകളോളം കാത്തുനിൽക്കുകയും വേണം.ജില്ലയിൽ കെഎസ്ആർടിസിക്ക് ടെർമിനലിലല്ലാതെ ചാർജിങ് പോയിന്റില്ല. ബസ് നിർമാണക്കമ്പനി ചോർച്ച പരിഹരിച്ചില്ലെങ്കിൽ ബസ് നഷ്ടത്തിലാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!