റോഡ് തടസപ്പെടുത്തിയുള്ള പ്രകടനങ്ങൾക്കെതിരേ നടപടിയെടുക്കണം; മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: പൊതുജനങ്ങൾക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കുന്ന രീതിയിലുള്ള പ്രകടനങ്ങൾക്കും റാലികൾക്കുമെതിരേ പോലീസ് കർശനവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജു നാഥ് നിർദേശം നൽകി. കണ്ണൂർ ജില്ലയിലെ നഗരപ്രദേശങ്ങളിലും പ്രധാന പൊതുവഴികളിലും പഴയ ബസ് സ്റ്റാൻഡ് പരിസര ത്തും റോഡ് ഗതാഗതം തടസപ്പെടുത്തി നടത്തുന്ന പ്രകടനങ്ങളും റാലികളും പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും ദൈനംദിന ജീവിതത്തെയും ഗൗരവമായി ബാധിക്കുമെന്ന് കമ്മീഷൻ വിലയിരുത്തി.
പൊതുവഴികൾ ജനങ്ങളുടെ സ്വതന്ത്ര ഗതാഗതത്തിനും അടിയന്തര സേവന വാഹനങ്ങളുടെ തടസരഹിത സഞ്ചാരത്തിനുമായി സംരക്ഷിക്കപ്പെടേണ്ടതാണ്. റോഡുകൾ ഉപരോധിച്ച് നടത്തുന്ന പ്രതിഷേധങ്ങൾ പൊതുജനങ്ങളുടെ അടിസ്ഥാനവകാശങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും വിവിധ വിധികളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കമ്മീഷൻ ഓർമിപ്പിച്ചു.
അഭിപ്രായ പ്രകടനത്തിനും പ്രതിഷേധത്തിനും അവകാശമുണ്ടെങ്കിലും അത് മറ്റുള്ളവരുടെ അവകാശ ങ്ങൾ ലംഘിക്കുന്ന രീതിയിലാകരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജില്ലയിൽ വൈകുന്നേര ങ്ങളിൽ നടക്കുന്ന റോഡ് തടസപ്പെടുത്തിയുള്ള പ്രകടനങ്ങൾക്കെതിരേ കണിയാങ്കണ്ടി ഉപശ്ലോകൻ സമർപ്പിച്ച പരാതിയിലാണ് നടപടി. റോഡ് തടസപ്പെടുത്തി പ്രകടനം നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.
