സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുരങ്കം വെക്കുന്ന യുഡിഎഫ് സർക്കാർ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല; പിണറായി വിജയൻ

Share our post

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാര്‍ തുരങ്കം വെയ്ക്കുകയാണെന്നും ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിലവില്‍ 16 ലക്ഷത്തിലധികം വീട്ടമ്മമാര്‍ക്ക് ആശ്വാസമായ പെന്‍ഷനാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനം മൂലം മുടങ്ങിയിരിക്കുന്നതെന്നും ഏപ്രില്‍, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് ഫയലില്‍ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുന്ന നിലയിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ഗൃഹജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീട്ടമ്മമാര്‍ രാഷ്ട്രശില്പികളാണ് എന്നും അവരുടെ അദ്ധ്വാനം രാജ്യത്തിന്റെ പുരോഗതിയുടെ ആധാരമാണെന്നും സുപ്രീം കോടതി ചരിത്രപരമായ ഒരു വിധിയിലൂടെ നിരീക്ഷിച്ചത് ഇക്കഴിഞ്ഞ ജൂണ്‍ 11-നാണ്. അതിനും വളരെ മുന്‍പേ, 2025 ഒക്ടോബറിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പാവപ്പെട്ട കുടുംബങ്ങളിലെ 35 മുതല്‍ 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000 രൂപ സാമ്പത്തിക സഹായമുറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി നടപ്പിലാക്കിയത്. 31.34 ലക്ഷം പേരെയാണ് ഇതില്‍ ഗുണഭോക്താക്കളായി കണക്കാക്കിയത്. വീട്ടകങ്ങളില്‍ തളയ്ക്കപ്പെട്ട സ്ത്രീകള്‍ നിര്‍വഹിക്കുന്ന ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കുവാനാണ് സ്ത്രീസുരക്ഷാ പദ്ധതിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്’, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

3,720 കോടി രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനത്തെ ബജറ്റില്‍ ഇതിനായി നീക്കിവെച്ചത്. മാര്‍ച്ച് മാസം വരെ പെന്‍ഷന്‍ നല്‍കുകയും ചെയ്തു. സ്ത്രീസുരക്ഷാ പദ്ധതിയെ തുടക്കം മുതല്‍ അപഹസിക്കാന്‍ തയ്യാറായ യുഡിഎഫ് നേതൃത്വമാണ് ഇപ്പോള്‍ പദ്ധതിയെ തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ തീരുമാനം അണിയറയില്‍ തയ്യാറാക്കുന്നത്. രണ്ടു മാസത്തെ പെന്‍ഷന്‍ നല്‍കാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുകയാണ്. സ്ത്രീപക്ഷ സര്‍ക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാനപദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ നിലപാട് തിരുത്തണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!