ശബരിമല സ്വർണക്കൊള്ളക്കേസ്: ‘ആരോപണ വിധേയർ പ്രധാന സ്ഥാനങ്ങളിൽ’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ദേവസ്വം മന്ത്രി

Share our post

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍. സ്വര്‍ണക്കൊള്ളയില്‍ പങ്കുപറ്റിയവരെ മര്‍മ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ദേവസ്വം പ്രസിഡന്റ് ജയകുമാര്‍ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. തിരുത്തിയില്ലെങ്കില്‍ ഈ ദേവസ്വം ബോര്‍ഡിനും സ്വർണക്കൊള്ളയില്‍ പങ്കുണ്ട് എന്ന ധാരണയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടിയുടെ ചാര്‍ജ് ഷീറ്റിന് ശേഷം മാത്രമേ ഇടപെടാന്‍ കഴിയൂ. ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് പ്രധാന പദവിയില്‍ നിയമനം നല്‍കിയിരുന്നു. സ്വര്‍ണക്കൊള്ള സമയത്ത് ശബരിമല സെക്ഷന്‍ ക്ലര്‍ക്കായിരുന്ന ശ്യാമിനെ അഡ്മിനിസ്‌ട്രേറ്റഷന്‍ ഓഫീസറാക്കിയാണ് നിയമിച്ചിരിക്കുന്നത്. വള്ളിയങ്കാവ് ദേവസ്വത്തിലാണ് നിയമനം. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ദേവസ്വം വകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെടുകയും ട്രാന്‍സ്ഫര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നാളെ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്യും. വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചതിനാലാണ് നിയമനമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. നിലവില്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പദവിയാണ് ശ്യാം വഹിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!