ആ കുട്ടികളെവിടെ? രേഖകളിൽ മാത്രം!; കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പേരിൽ പോലും വ്യാജരേഖകൾ
കണ്ണൂർ : ജില്ലയിലെ 16 സ്കൂളുകളിൽ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി തട്ടിപ്പ് നടത്തിയതായി വിജിലൻസ് കണ്ടെത്തൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 8 മാസത്തിലേറെയായി നേരിട്ടും അല്ലാതെയും നടത്തിയ അന്വേഷണത്തിലാണു ക്രമക്കേട് കണ്ടെത്തിയത്. സ്കൂളുകൾക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് നൽകി.
പയ്യന്നൂർ, മാടായി, തളിപ്പറമ്പ് നോർത്ത്, സൗത്ത്, ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസുകൾക്കു കീഴിൽമാത്രം 11 സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതിനുപുറമെ, കണ്ണൂരിലെയും തലശ്ശേരിയിലെയും ചില സ്കൂളുകളിലും തിരിമറി നടന്നിട്ടുണ്ട്. മിക്ക സ്കൂളുകളിലും തസ്തിക നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നാണു കണ്ടെത്തൽ.
ഹാജർ റജിസ്റ്റർ, അഡ്മിഷൻ റജിസ്റ്റർ, ഉച്ചഭക്ഷണ റജിസ്റ്റർ എന്നിവയിലെല്ലാം തിരിമറി നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. രേഖകളിൽ കുട്ടികളുടെ പേരുകൾ വ്യാജമായി എഴുതി ചേർക്കുകയാണുണ്ടായത്. ഇതിലൂടെ യൂണിഫോം, പാഠപുസ്തകം, ഉച്ചഭക്ഷണം എന്നിവയിൽ സർക്കാരിനു വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മറ്റു സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച് അവർ ഈ സ്കൂളിൽ പഠിക്കുന്നുവെന്നു കാട്ടിയാണ് പ്രധാനമായും വ്യാജരേഖ ചമച്ചിരിക്കുന്നത്.
ഹാജർ പട്ടികയിൽ ഇവരെല്ലാം സ്കൂളിൽ എത്തുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പേരിൽ പോലും വ്യാജരേഖകൾ ചമച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥി കണ്ണൂരിലെ സ്കൂളിൽ പഠിക്കുന്നതായുള്ള രേഖ കണ്ടെത്തി. തലശ്ശേരിയിലെ സ്കൂളിൽ ഒരു ക്ലാസിൽ മാത്രം 19 കുട്ടികളെ അധികം കാണിച്ചു തട്ടിപ്പ് നടത്തി.
പ്രധാനാധ്യാപകരും ചുമതലയുള്ള ക്ലാസ് ടീച്ചർമാരും ചേർന്നാണ് ഇത്തരം തിരിമറികൾ നടത്തിയതെന്നാണു വിലയിരുത്തൽ. കേസ് റജിസ്റ്റർ ചെയ്തശേഷം വിശദ അന്വേഷണം നടത്താനാണു വിജിലൻസ് തീരുമാനം.
