‘പ്രിയദർശിനി ഒരുങ്ങി’; നാളെ മുതൽ ‘കെഎസ്ആർടിസി’യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര

Share our post

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ഒരുക്കങ്ങൾ പൂർത്തിയായി. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുമ്പിലും സൈഡിലുമായി ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ട്. നാളെ രാവിലെ 8.30-ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കുന്നതിനുപിന്നാലെ സംസ്ഥാനത്തെ എല്ലാ ഓർഡിനറി ബസുകളിലും പ്രിയദർശിനി പദ്ധതി സൗജന്യയാത്ര ലഭ്യമാകും.

തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയിലാണ് ഉദ്ഘാടനത്തിനായുള്ള ബസ് ഒരുങ്ങുന്നത്. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസിൽ യാത്രചെയ്യും. കെ.എസ്.ആർ.ടി.സി.യുടെ 3125 ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്നാണ് സർക്കാർ പറയുന്നത്.

2900 ഓർഡിനറി ഷെഡ്യൂളുകളാണ് പ്രതിദിനമുള്ളത്. തിരുവനന്തപുരം നഗരത്തിലെ സിറ്റി ഫാസ്റ്റുകളിൽ സൗജന്യയാത്രയില്ല. എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിച്ചതിനാൽ വിദ്യാർഥിനികൾക്ക് ഓർഡിനറി കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇനി കൺസഷൻ ടിക്കറ്റ് ആവശ്യമില്ല.

സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്‌ട്രേഷനോ ആവശ്യമില്ല. പ്രായമുൾപ്പെടെ ഒരു മാനദണ്ഡവുമില്ല.

പ്രിയദർശിനി സൗജന്യ യാത്രയിൽപ്പെട്ട ബസുകൾ

  • ഓർഡിനറി
  • സിറ്റി ഓർഡിനറി
  • ലിമിറ്റഡ് സ്റ്റോപ്പ് / ഓർഡിനറി
  • ടൗൺ ടു ടൗൺ
  • ഫെയർ‌സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്
  • പോയിന്റ് ടു പോയിന്റ് / ഓർഡിനറി
  • ഗ്രാമവണ്ടി

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!