വാഹനാപകടത്തില്‍ യുവാവിന്റെ കൈ വിരല്‍ നഷ്ടപ്പെട്ടു; കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടമായ യുവാവിന് കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടന്നത്.
37കാരനായ യുവാവിനാണ് ആറുമാസങ്ങൾക്ക് മുൻപ് ഇടത് കൈവിരല്‍ പൂര്‍ണമായും വേര്‍പ്പെട്ടത്. തുടര്‍ന്നാണ് നഷ്ടമായ വിരലിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചത്. സെക്കന്റ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറിയിലൂടെയാണ് വിരല്‍ വച്ചുപിടിപ്പിച്ചത്. ഘട്ടംഘട്ടമായ പുനര്‍നിര്‍മാണ ചികിത്സയാണ് യുവാവിന് നല്‍കിയത്.
ആദ്യം ട്യൂബ്ഡ് ഗ്രോയിന്‍ ഫ്ളാപ്പ് ഉപയോഗിച്ച് മൃദുകോശങ്ങളെ പാകപ്പെടുത്തുന്ന പ്രക്രിയ നടത്തി. തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് മൈക്രോവാസ്കുലാര്‍ സെക്കന്‍ഡ് ടോ ട്രാന്‍സ്ഫര്‍ മുഖേന വിരല്‍ പുനസ്ഥാപിച്ചു.
ഈ ശസ്ത്രക്രിയയില്‍ കൈയിലേക്ക് വിരല്‍ മാറ്റിസ്ഥാപിക്കുകയും രക്തക്കുഴലുകള്‍ പുനസംയോജിപ്പിക്കുകയും ചെയ്തു. രോഗിക്ക് റീഹാബിലിറ്റേഷന്‍ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ടെന്നും കൈയുടെ പ്രവര്‍ത്തനക്ഷമത പരമാവധി വീണ്ടെടുക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
