ബ്രാഞ്ച് സെക്രട്ടറി സ്വർണക്കടത്ത് സംഘത്തിൽ; പ്രതിരോധത്തിൽ സിപിഎം, സമൂഹമാധ്യമത്തിൽ പോര്

Share our post

കണ്ണൂർ ∙ കള്ളക്കടത്തു സ്വർണം തട്ടിയെടുക്കാനുള്ള നീക്കത്തിനിടെ പൊലീസ് പിടികൂടിയ ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതോടെ സിപിഎം പ്രവർത്തകരും സ്വർണം പൊട്ടിക്കൽ സംഘങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. പേരാവൂർ ഏരിയ മുഴക്കുന്ന് ലോക്കലിലെ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി വി. ശരത്തിനെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിനാലാണ് നടപടിയെന്നാണ് ജില്ലാ കമ്മിറ്റിയു‌ടെ പ്രസ്താവനയിൽ പറയുന്നത്.

ശരത് ഉൾപ്പെടെ 14 പേരെ കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തുവച്ചാണ് സ്വർണം പൊട്ടിക്കാനുള്ള നീക്കത്തിനിടെ പൊലീസ് പിടികൂടിയത്. സിപിഎം പ്രവർത്തകരും സ്വർണം പൊട്ടിക്കൽ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം കുറച്ചു കാലം മുൻപ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പാർട്ടി അവരെ തള്ളിപ്പറഞ്ഞെങ്കിലും വീണ്ടും അത്തരം സംഘങ്ങളിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പെട്ടതോടെ പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.

∙ പുതിയ സംഘങ്ങൾ കളത്തിൽ

കരിപ്പൂരിൽ പിടിയിലായ 14 പേരിൽ 10 പേരും കണ്ണൂരിലുള്ളവരാണ്. ഇതിൽ ഏറെയും പാർട്ടി പ്രവർത്തകരോ അനുഭാവികളോ ആണെന്നാണ് വിവരം. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവരാൻ പദ്ധതിയിട്ട സംഘത്തെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിലും രാജ്യാന്തര ആഗമന ടെർമിനലിലും സംശയാസ്പദമായി കണ്ട ചിലരെ ചോദ്യം ചെയ്തതോടെയാണ് സംഘം പിടിയിലായത്.

സിപിഎം തള്ളിപ്പറഞ്ഞ അർജുൻ ആയങ്കി ഉൾപ്പെടെ 6 പേരെ കഴിഞ്ഞ മാസം 3 ന് കോതമംഗലം പുന്നേക്കാട് കരിയിലപ്പാറയിലെ ഹോംസ്‌റ്റേയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇവർ ഗൂഢാലോചന നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ വിവാഹത്തിനെത്തിയതാണെന്നും കള്ളക്കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തെന്നുമാണ് അർജുൻ ആയങ്കി സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇതിനിടെ കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അർജുന് പാർട്ടിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴാണ് ബ്രാഞ്ച് സെക്രട്ടറി തന്നെ സ്വർണം പൊട്ടിക്കൽ കേസിൽ പിടിയിലായത്.

∙ കാർ തട്ടിക്കൊണ്ടുപോകലിൽ തുമ്പില്ല

ഈ മാസം രണ്ടിനു പരിയാരം പിലാത്തറയിൽ കാർ തട്ടിക്കൊണ്ടുപോയത് സ്വർണം പൊട്ടിക്കൽ സംഘമാണെന്നു പൊലീസിന് സൂചന ലഭിച്ചെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. പരിയാരം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് പിന്നീട് പയ്യന്നൂർ സ്റ്റേഷനിലേക്ക് കൈമാറി. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പൊലീസിന് യാതൊരു തുമ്പും ലഭിച്ചില്ല. പരാതിക്കാരുടെ മൊഴി പൊലീസ് വിശ്വസത്തിലെടുത്തിട്ടുമില്ല. കാറിലുണ്ടായിരുന്നയാൾ 25 ഗ്രാം സ്വർണം നഷ്ടമായെന്നാണ് പരാതി നൽകിയത്. എന്നാൽ 50 ലക്ഷം രൂപ നഷ്ടമായെന്ന് പിന്നീട് പറഞ്ഞു. സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി ജലന്ധർ നിഗവും കുടുംബവും സഞ്ചരിച്ച കാറാണ് തട്ടിക്കൊണ്ടുപോയത്. സ്വർണവ്യാപാരികളായതിനാൽ കൂടുതൽ സ്വർണം തട്ടിയെടുത്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. സ്വർണം പൊട്ടിക്കൽ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

∙ സമൂഹ മാധ്യമത്തിൽ പോര്

സ്വർണം പൊട്ടിക്കൽ സംഘം വീണ്ടും സജീവമായതോെട സമൂഹ മാധ്യമത്തിലും പോര് തുടങ്ങി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്ന മനു തോമസ് സമൂഹ മാധ്യമത്തിൽ കുറിപ്പുമായി രംഗത്തെത്തി. ‘കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് അറസ്റ്റു ചെയ്യപ്പെട്ട സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പ്രാദേശിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ഉണ്ടെന്ന വാര്‍ത്ത വലിയ ഞെട്ടല്‍ ഒന്നും ഉണ്ടാക്കുന്നില്ല. സ്വര്‍ണം പൊട്ടിക്കല്‍, രാഷ്ട്രീയ ഗുണ്ടാക്രിമിനല്‍ സംഘത്തിനെതിരായി തുറന്നു പറഞ്ഞു എന്നതിന്റെ പേരില്‍ മുൻപ് ഒരു സംസ്ഥാന കമ്മറ്റി അംഗം തന്നെ എനിക്കെതിരെ പാര്‍ട്ടിക്ക് അതീതമായി എഫ്ബി പോസ്റ്റ് ഇട്ടത് ഓര്‍മയുണ്ടല്ലോ. കണ്ണികള്‍ ഒന്നും അറ്റുപോയിട്ടില്ല. കഴിഞ്ഞ ദിവസം പിലാത്തറ സംഭവിച്ചതിന്റെ ദുരൂഹതയും ബാക്കിയാണ്. ഭരണം മാറിയെങ്കിലും ധൈര്യമെവിടെ നിന്നാണ്. എന്തായാലും തെറ്റുകള്‍ തിരുത്തേണ്ടവര്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കും’– എന്നായിരുന്നു കുറിപ്പ്.

ഇതിന് മറുപടിയുമായി പി. ജയരാജന്റെ മകൻ ജയിൻ രാജ് രംഗത്തെത്തി. ആകാശത്തേക്ക്‌ ശിക്കാരി ശംഭു വെടിവയ്ക്കുന്നത്‌ പോലെ വെടിവയ്ക്കാതെ ആഭ്യന്തര മന്ത്രിക്ക്‌ പരാതി കൊടുത്ത്‌ സ്വർണ്ണക്കടത്ത്‌ പൊട്ടിക്കൽ സംഘങ്ങളുടെ പിന്നിലുള്ള സിപിഎം നേതാവിനെ പൊതുസമൂഹത്തിന്‌ മുന്നിൽ തുറന്ന് കാണിക്കാനുള്ള പണിയെടുക്കൂ’ –എന്നായിരുന്നു ജയിൻ രാജ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. സ്വർണക്കടത്ത് സംഘങ്ങളെ സംരക്ഷിക്കുന്നത് പി. ജയരാജനാണെന്ന് മുൻപ് ആരോപണം ഉയർന്നിരുന്നു.

സ്വർണ വിലയിലുണ്ടായ കുതിപ്പായിരിക്കാം സ്വർണക്കടത്ത് സംഘങ്ങളും പൊട്ടിക്കൽ സംഘങ്ങളും സജീവമാകാൻ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇത്തരം സംഭവങ്ങളിൽ സിപിഎം പ്രവർത്തകർ പ്രതികളാകുന്നത് പാർട്ടിയെ കുഴപ്പത്തിലാക്കുകയാണ്. പ്രത്യേകിച്ച്, നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്ന സാഹചര്യത്തിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!