ലേണേഴ്‌സ് ലൈസൻസ് ക്ലാസിന് 100 മുതൽ 500 രൂപ വരെ ഫീസ്; പണപ്പിരിവിന് വിലക്കിട്ട് ട്രാൻ.കമ്മീഷണർ

Share our post

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കുള്ള പ്രീ ലേണേഴ്സ് ക്ലാസിന് ഫീസ് ഈടാക്കുന്നത് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം വിലക്കി. കൊല്ലം, കരുനാഗപള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പിന് മോട്ടോർ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ (ട്രോമ കെയർ ആൻഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ) ട്രാക്ക് എന്ന സന്നദ്ധസംഘടന ലൈസൻസ് അപേക്ഷകരിൽ നിന്നും പണം വാങ്ങിയത് പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി.

ലൈസൻസിന്റെ തരം അനുസരിച്ച് അപേക്ഷകരിൽ നിന്നും 100 രൂപ മുതൽ 500 രൂപവരെ ഫീസ് ഈടാക്കിയതാണ് വിവാദമായത്. ഡ്രൈവിങ് പഠിക്കുന്നവർക്ക് റോഡ് സുരക്ഷാ അവബോധം നൽകുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് പ്രീ ലേണേഴ്സ് ക്ലാസുകൾ ആരംഭിച്ചത്. ഇൻസ്പെക്ടർമാരെയാണ് ക്ലാസ് നടത്തിപ്പിന് ചുമതലപ്പെടുത്തിയിരുന്നത്.

സ്ഥലപരിമിതിയുള്ള ഓഫീസുകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ സന്നദ്ധ സംഘടനകളുടെ സഹായം തേടാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിൽ കൊല്ലം, കരുനാഗപ്പള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പ് ട്രാക്കിന് കൈമാറുകയായിരുന്നു. മാസം 1500 ലേറേപേർ ഇവരുടെ ക്ലാസുകളിൽ പങ്കെടുത്തിരുന്നു.

ലൈസൻസ് ടെസ്റ്റിന് ഹാജരാകണമെങ്കിൽ ട്രാക്കിന്റെ കോഴ്സിൽ പങ്കെടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചിരുന്നു. കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര പുനലൂർ, ഹെവി ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ട്രാക്കിന്റെ കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ചെയ്തു. മറ്റു ഓഫീസുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കവേയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഇടപെട്ടത്.

കോഴ്സ് നടത്തുന്നതിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടുന്നതിൽ തെറ്റില്ല. എന്നാൽ അപേക്ഷകരിൽ നിന്നും യാതൊരുവിധ പണപ്പിരിവും അനുവദിക്കരുതെന്നും ഉദ്യോഗസ്ഥർക്ക് കമ്മിഷണർ കർശന നിർദേശം നൽകി. അതേസമയം കോഴ്സിന്റെ ചെലവിനുള്ള തുക മാത്രമാണ് വാങ്ങിയതെന്നാണ് ട്രാക്ക് ഭാരവാഹികളുടെ വിശദീകരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!