സ്കൂളുകളിൽ ഇനി എ.ഐ-യും വി.ആർ-ഉം: അധ്യയനം ലളിതമാക്കാൻ ഇ.ടി. ക്ലബ്ബുകൾ

Share our post

കോഴിക്കോട്: സാങ്കേതികവിദ്യയുടെ ദുരുപയോഗവും അമിതോപയോഗവും മൂലമുള്ള ആരോഗ്യ-മാനസിക പ്രശ്നങ്ങളിൽ ബോധവത്കരണം നൽകി കുട്ടികളെ നേർവഴിക്ക് നടത്താൻ സ്കൂളുകളിലും അധ്യാപക പരിശീലന കേന്ദ്രങ്ങളിലും എജുക്കേഷണൽ ടെക്‌നോളജി (ഇ.ടി.) ക്ലബ്ബുകൾ വരും. എ.ഐ., വിഷ്വൽ ടെക്‌നോളജി, ഓഗ്മെന്റൽ റിയാലിറ്റി (എ.ആർ.) , വെർച്വൽ റിയാലിറ്റി (വി.ആർ.) ഗെയ്മിഫിക്കേഷൻ തുടങ്ങിയ പുതിയ സങ്കേതങ്ങൾ അധ്യയന, പഠന പ്രക്രിയയിൽ പ്രയോജനപ്പെടുത്താൻ ക്ലബ്ബുകൾ ലക്ഷ്യമിടുന്നു.

യു.പി. തലംമുതൽ ഐ.ടി.ഇ.കളിൽവരെ (ഡി.എൽഎഡ്) ക്ലബ്ബുകൾ ആരംഭിക്കാനാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ ടെക്നോളജി ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്. 2022-ൽ സർക്കാർ ഇതിനായി നീക്കം നടത്തിയെങ്കിലും ഭൂരിഭാഗം സ്‌കൂളുകളിലും തുടങ്ങാനായില്ല.

പഠനപ്രക്രിയ ലളിതമാക്കാനും വിദ്യാഭ്യാസ-സാങ്കേതിക വിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനും അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകും.

പാഠ്യവിഷയങ്ങളിലെ പ്രയാസമേറിയ ഭാഗങ്ങൾ ലളിതമാക്കുന്നതിന് അനുയോജ്യമായ ഡിജിറ്റൽ പഠനോപകരണങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വികസിപ്പിക്കും. ഭിന്നശേഷി വിഭാഗത്തിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും തുണയാകുന്ന സാങ്കേതികവിദ്യകളും ഉപകരണങ്ങളും ക്ലബ്ബിന്റെ ഭാഗമാകും.

അംഗത്വം 30 കുട്ടികൾക്ക്

യു.പി.മുതൽ എച്ച്.എസ്.എസ്. വരെ ഒറ്റയൂണിറ്റായിക്കണ്ടാണ് ഇ.ടി. ക്ലബ്ബുകൾ രൂപവത്കരിക്കുന്നത്. പ്രിൻസിപ്പൽ ചെയർമാനായും ഹെഡ്മാസ്റ്റർ വൈസ് ചെയർമാനായുള്ള ഏകോപനസമിതിയാകും സ്കൂളിൽ മേൽനോട്ടം വഹിക്കുക. വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാതലങ്ങളിലും സമിതികളുണ്ടാകും. പരമാവധി 30 വിദ്യാർഥികളെയാണ് ക്ലബ്ബിൽ ഉൾപ്പെടുത്തുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!