ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകും; പോലീസിനെതിരായ ഭീഷണിക്ക് പിന്നാലെ പുതിയ പോസ്റ്റുമായി അർജുൻ ആയങ്കി
കൊച്ചി: കോതമംഗലം സി.ഐ.ക്കെതിരായ ഭീഷണിക്ക് പിന്നാലെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ക്രിമിനൽക്കേസ് പ്രതി അർജുൻ ആയങ്കി. തന്നെയും ഒപ്പമുള്ളവരെയും പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയതാണെന്നും പോലീസ് ഉദ്യോഗസ്ഥൻ നടത്തിയത് അധികാര ദുർവിനിയോഗമാണെന്നുമാണ് പുതിയ പോസ്റ്റിലെയും ആരോപണം. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകുമെന്നും പോലീസ് ഗുണ്ടായിസത്തിനെതിരേ മന്ത്രി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. പോലീസ് ചെയ്തത് കൈക്കൂലി വാങ്ങിയിട്ടുള്ള ക്വട്ടേഷൻ പ്രവർത്തനമാണെന്ന് സംശയിക്കുന്നതായും അർജുൻ ആയങ്കി പറയുന്നുണ്ട്.
ജൂൺ ആറിനാണ് കോതമംഗലം സി.ഐ.ക്കെതിരേ ഭീഷണി മുഴക്കി അർജുൻ ആയങ്കി ഫെയ്‌സ്ബുക്കിൽ കുറിപ്പെഴുതിയത്. കള്ളക്കേസിൽ കുടുക്കി ജയിലിലേക്കയച്ചതിന് പോലീസ് ഉദ്യോഗസ്ഥൻ അനുഭവിക്കുമെന്നും ഒരുകാലത്തും വെറുതേവിടില്ലെന്നും കായികപരമായി നേരിടുമെന്നുമായിരുന്നു ഭീഷണി. സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ലെന്നും ഭീഷണിക്കുറിപ്പിലുണ്ടായിരുന്നു. അതേസമയം, പോലീസിനെതിരേ ഭീഷണി മുഴക്കിയതിന് പിന്നാലെ കോതമംഗലം പോലീസ് അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.
ഇക്കഴിഞ്ഞ മേയ് മൂന്നിനാണ് കോതമംഗലം പുന്നേക്കാട് കരിയിലപ്പാറയിലെ ഹോംസ്‌റ്റേയിൽനിന്ന് അർജുൻ ആയങ്കി ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ്‌ചെയ്തത്. കണ്ണൂർ അഴീക്കൽ സ്വദേശിയായ അർജുൻ ആയങ്കി(29)യ്ക്ക് പുറമേ തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), എറണാകുളം പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവേളി വീട്ടിൽ അരുൺ (38), പള്ളുരുത്തി വരിക്കാശ്ശേരി വീട്ടിൽ ടാൻസൺ (34) എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവരുടെ മൂന്ന് ആഡംബര കാറുകളും മൊബൈൽഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പുതിയ കുറ്റകൃത്യപദ്ധതി ആസൂത്രണം ചെയ്യുന്നതിനായാണ് സംഘം ഹോംസ്‌റ്റേയിൽ ഒത്തുകൂടിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. സംഘടിത കുറ്റകൃത്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരുന്നത്. അർജുൻ ആയങ്കിയുടെപേരിൽ നേരത്തേ എട്ട് കേസും ആദർശിന് പത്ത് കേസും പ്രണവിന് ആറ് കേസും ധനീഷിന് രണ്ട് കേസും അരുണിന് 13 കേസും ടാൻസണിന് അഞ്ച് കേസും നിലവിലുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.
