‘രക്ഷാപ്രവർത്തകർക്ക്’ ആശ്വാസം; പിണറായി വിജയന്റെ ഗൺമാന്മാർക്ക് മുൻകൂർ ജാമ്യം

Share our post

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്ക് മുൻകൂർ ജാമ്യം. ആലപ്പുഴ സെഷൻസ് കോടതിയാണ് രക്ഷാപ്രവർത്തനക്കേസിൽ ഉൾപ്പെട്ട അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം നൽകിയത്.

ഗൺമാൻ അനിൽകുമാർ, സുരക്ഷാ ജീവനക്കാരൻ എസ്. സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടിപോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.

സുരക്ഷാജീവനക്കാരുടെ നടപടിയെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ‘രക്ഷാപ്രവർത്തനമെന്നാണ്’ അന്ന് വിശേഷിപ്പിച്ചത്. 2023 ഡിസംബർ 15-നായിരുന്നു സംഭവം. നവകേരളസദസ്സിന്റെ ബസ് കടന്നുപോയപ്പോൾ, ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളെ ലോക്കൽ പോലീസിന്റെ മുന്നിൽവെച്ചാണു മർദിച്ചത്. ബസിനു പിന്നാലെ വന്ന കാറിൽനിന്ന് ചാടിയിറങ്ങിയ സുരക്ഷാ ജീവനക്കാർ ഇവരെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.

ആലപ്പുഴ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണു മർദനമേറ്റത്.

യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആദ്യത്തെ നടപടിയായിരുന്നു രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേകാന്വേഷണത്തെ നിയോഗിച്ചത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!