ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ; കിടപ്പുരോഗിയായ ഭർത്താവും സുഹൃത്തും അറസ്റ്റിൽ
ചേർപ്പ്: ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അഗതിമന്ദിരത്തിൽ കഴിയുന്ന ഭർത്താവും സുഹൃത്തായ പത്തൊമ്പതുകാരനും അറസ്റ്റിൽ. ചേർപ്പ് തണ്ടാശ്ശേരി ഷിബു ജോർജ് (50), വിഷ്ണു (19) എന്നിവരാണ് അറസ്റ്റിലായത്. ഷിബു ഭാര്യയെ കൊല്ലാൻ അഗതിമന്ദിരത്തിലെ തന്റെ സഹവാസിയായ വിഷ്ണുവിന് ക്വട്ടേഷൻ നൽകുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് കെട്ടിടത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തളർന്ന ഷിബു ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് അഗതിമന്ദിരത്തിൽ എത്തിയത്. ഭാര്യ ഇപ്പോഴും ഷിബുവിന്റെ വീട്ടിലാണ് താമസം. ഭാര്യ ഇയാൾക്കെതിരെ സ്ത്രീപീഡന പരാതി നൽകിയിരുന്നു. ഇതാണ് ഷിബുവിനെ പ്രകോപിപ്പിച്ചത്. ഷിബുവിനെ പരിചരിച്ചാണ് വിഷ്ണു സൗഹൃദത്തിലാകുന്നത്.
ഷിബുവിന്റെ നിർദേശപ്രകാരം വടിവാളുമായി ചേർപ്പ് പള്ളിക്ക് സമീപം കാത്തുനിന്ന വിഷ്ണുവിനെ കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വിഷ്ണുവിനെ പിടികൂടി. ചോദ്യംചെയ്യലിൽ ഷിബു ജോർജിന്റെ ഭാര്യയെ കൊല്ലാൻ പദ്ധതിയിട്ടാണ് എത്തിയതെന്ന് ഇയാൾ സമ്മതിച്ചു.
ഷിബുവിന്റെ പേരിൽ ഭാര്യ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷൻ നൽകാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ അറസ്റ്റിലായ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു.
