മാട്രിമോണിയൽ സൈറ്റുവഴി 37 ലക്ഷം തട്ടിയ കേസ്; കംബോഡിയൻ സൈബർതട്ടിപ്പ് സംഘത്തിൽപ്പെട്ട മലയാളി അറസ്റ്റിൽ
കൊച്ചി: മാട്രിമോണിയൽ സൈറ്റുകൾവഴി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘാംഗം പിടിയിൽ. പാലക്കാട് തൂത സ്വദേശിയായ അബ്ദുറഹ്മാനെയാണ് ഡൽഹിയിൽവെച്ച് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ ഡോക്ടറിൽനിന്ന് ട്രേഡിങ്ങിന്റെ പേരിൽ 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ള തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണ് ഇയാളെന്നാണ് പോലീസ് നൽകുന്ന വിവരം. മുൻപ് സാമൂഹിക മാധ്യമങ്ങളിലൂടെ ലോൺ ആപ്പുകളും ട്രേഡിങ് ആപ്പുകളും ഉപയോഗിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. എന്നാൽ, പൊതുജനങ്ങൾക്കിടയിൽ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അവബോധം വർധിച്ചതോടെയാണ് ഇവർ രീതി മാറ്റിയത്. നിലവിൽ മാട്രിമോണിയൽ സൈറ്റുകളെയാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.
മാട്രിമോണിയൽ സൈറ്റുകളിൽ യുവതികളുടെയോ യുവാക്കളുടെയോ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ഇരകളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇവരുടെ രീതി. തുടർന്ന് വൻ ലാഭം വാഗ്ദാനംചെയ്ത് ട്രേഡിങ് ആപ്പുകളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. ഭാവി സുരക്ഷിതമാക്കാനുള്ള നിക്ഷേപമാണെന്ന് ഇരകളെ വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടുന്നത്.
ഇരകൾ നിക്ഷേപിക്കുന്ന പണം ഇന്ത്യയിലെ വിവിധ ‘മ്യൂൾ’ അക്കൗണ്ടുകളിലേക്കാണ് എത്തുന്നത്. അത് കൈകാര്യം ചെയ്യുന്നത് ഒരു ഏജന്റാണ്. ഏജന്റുമാർ പണം പിൻവലിക്കുകയും പിന്നീട് അത് ക്രിപ്റ്റോ കറൻസിയാക്കി മാറ്റി കൈമാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ആയിരത്തോളം ബാങ്ക് അക്കൗണ്ടുകൾ പോലീസ് ഇതിനോടകം കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അബ്ദുറഹ്മാൻ 2022 മുതൽ ഈ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നുവെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് സൂരജ് (അരൂർ), ഫൈസൽ (മലപ്പുറം), ആദിൽ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. അബ്ദുറഹ്മാൻ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
