‘കുഞ്ഞിനെ തിരികെ വേണം’; പ്രസവിച്ച് ജനലിലൂടെ എറിഞ്ഞ 19-കാരിക്ക് മനംമാറ്റം, സാങ്കേതിക തടസ്സം

Share our post

ഹരിപ്പാട്: സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ജനാലയിലൂടെ പുറത്തെറിഞ്ഞ യുവതി ഒടുവിൽ കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടു. ആദ്യം വേണ്ടെന്നായിരുന്നു നിലപാട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) അധികൃതർ കുഞ്ഞിനെ ഏറ്റെടുക്കാൻ തിങ്കളാഴ്ച വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി ആവശ്യമറിയിച്ചത്.

കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടാൻ സാങ്കേതിക തടസ്സമുണ്ട്. അതിനാൽ സംസ്ഥാന ശിശുക്ഷേമസമിതിയുടെ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശുവികാസ് ഭവനിലേക്കു കുഞ്ഞിനെ മാറ്റി.

ചൈൽഡ് ലൈൻ കൗൺസലർമാർ യുവതിയുമായി പലപ്രാവശ്യം സംസാരിച്ചിരുന്നു. ആദ്യദിവസങ്ങളിൽ യുവതി കൗൺസലിങ്ങുമായി സഹകരിച്ചിരുന്നില്ല. പിന്നീട് അവർ വിശദമായി സംസാരിച്ചു. പോലീസിന്റെ റിപ്പോർട്ടുകൂടി പരിഗണിച്ചുമാത്രമേ കുഞ്ഞിനെ അമ്മയ്ക്കു വിട്ടുനൽകൂവെന്ന് സി.ഡബ്ല്യു.സി. ചെയർപേഴ്‌സൺ അഡ്വ. ബി. ഗീത പറഞ്ഞു. ആറു മാസംവരെ കുഞ്ഞിനെ നിയമപരമായി ആവശ്യപ്പെടാൻ അമ്മയ്ക്കു കഴിയും. അതിനാൽ താത്കാലിക സംരക്ഷണത്തിനായാണ് കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത്.

ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് 19 വയസ്സുള്ള യുവതി പ്രസവിച്ചത്. വയറുവേദനയ്ക്ക് ചികിത്സതേടിയെത്തിയതാണ്. ശൗചാലയത്തിൽ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്കെറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽകേട്ട് ആശുപത്രി ജീവനക്കാരാണ് ശൗചാലയത്തിന്റെ പുറത്തുനിന്നു കുഞ്ഞിനെ കണ്ടെടുത്തത്.

അന്നുമുതൽ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കൽ കോളേജിലാണ്. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരേ ഹരിപ്പാട് പോലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. യുവതി ആശുപത്രിവിട്ടശേഷം ഇവരിൽനിന്ന് പോലീസ് മൊഴിയെടുക്കും.

ജില്ല ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ എന്നിവർ ചേർന്നാണ് വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, ഡോ. ലതിക എന്നിവരിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!