കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; രണ്ട് എസ്.ഐ.മാർക്ക് സസ്പെൻഷൻ
കണ്ണൂർ: ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് നേതാവിനെ മർദിച്ച എസ്.ഐ.മാർക്ക് സസ്പെൻഷൻ. കണ്ണൂർ എ.ആർ. ക്യാമ്പിലെ എസ്.ഐ.മാരായ രജീവൻ, ബിനുകൃഷ്ണൻ എന്നിവരെയാണ് അന്വേഷണവിധേയമായി സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും കോർപ്പറേഷൻ മുൻ കൗൺസിലറുമായ താളിക്കാവിലെ ആർ.രഞ്ജിത്തിനാണ് മർദനമേറ്റത്.
വ്യാഴാഴ്ച രാത്രി 9.30-ന് കണ്ണൂർ കവിത തിയേറ്ററിന് സമീപമുള്ള തട്ടുകടയിലെത്തിയ എസ്.ഐ.മാരും അവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് തലശ്ശേരിയിലെ തൻസീറും ഭക്ഷണത്തോടൊപ്പം കഴിക്കാൻ ഉള്ളി ആവശ്യപ്പെട്ടു. നല്ല തിരക്കായതുകൊണ്ട് ഹോട്ടൽ ജീവനക്കാർ ഇത് കേട്ടില്ല. ഇതേത്തുടർന്ന് രഞ്ജിത്ത് ജീവനക്കാരോട് ഉള്ളി നൽകാനാവശ്യപ്പെട്ടു. ഇത് രസിക്കാത്ത എസ്.ഐ.മാരും സുഹൃത്തുക്കളും രഞ്ജിത്തിനെ വലിച്ച് നിലത്തിടുകയും ചവിട്ടുകയും ചെയ്തു. ബിനു കൃഷ്ണൻ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവരാണ് പോലീസുകാരെ പിടിച്ച് നീക്കിയത്. ചോര ഛർദിച്ച് അവശനായ രഞ്ജിത്തിനെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
