എഎസ്ഐ തകർത്തത് സ്വാതിയുടെ സ്വപ്നങ്ങള്‍; ഡിസ്ചാർജിന് ശേഷം എങ്ങോട്ടുപോകുമെന്ന് അറിയാതെ അസം സ്വദേശികള്‍
കണ്ണൂർ: മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐ തകർത്തത് പന്ന്യന്നൂർ ചമ്പാട് മുതുവാടത്ത് വീട്ടിൽ എം.കെ.സ്വാതിയെന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുടെ പഠനമോഹത്തെ. അഴീക്കൽ കോസ്റ്റൽ പൊലീസ് ഗ്രേഡ് എഎസ്ഐ രജിത്ത് മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കിയ അപകടത്തിൽ സ്വാതിക്കും 2 അസം സ്വദേശികൾക്കുമാണു പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ സ്വാതിയുടെ (22) ഇരുകാലിന്റെയും മുട്ടിനു ശസ്ത്രക്രിയ ചെയ്തു. വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം കണ്ണോത്തുംചാലിലെ മന്തിമഹൽ റസ്റ്ററന്റിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന സ്വാതിക്ക് ഇതുവരെ ആശുപത്രിയിൽ ചെലവായത് 2.5 ലക്ഷം രൂപ. ഇത്രയും വലിയ തുക എങ്ങനെ നൽകുമെന്നറിയാതെ ആശങ്കയിൽ കഴിയുകയാണ് സ്വാതിയും കുടുംബവും.
21ന് പുലർച്ചെയാണ് അപകടമുണ്ടായത്. റസ്റ്ററന്റിലെ ജോലി കഴിഞ്ഞ് സ്വാതി ഇറങ്ങിയത് 12.15ന്. റസ്റ്ററന്റിന് 100 മീറ്റർ അകലെയാണ് താമസസ്ഥലം. റസ്റ്ററന്റ് ജോലിക്കാരായ അസം സ്വദേശികളായ ഹവാസ് അലി, റോക്കി ബുൾ എന്നിവരും ജോലി കഴിഞ്ഞുപോകുകയായിരുന്നു. അപ്പോഴാണ് തൊട്ടടുത്തുള്ള കാർ വിൽപനശാലയ്ക്കു മുന്നിൽവച്ച് അപകടമുണ്ടായത്. മദ്യപിച്ചു വാഹനമോടിച്ചെത്തിയ രജിത്തിന്റെ കാർ നിയന്ത്രണംവിട്ട് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. എന്നാൽ രജിത്ത് കാർ നിർത്താതെ കടന്നുകളഞ്ഞു. അബോധാവസ്ഥയിലായ മൂവരെയും റസ്റ്ററന്റ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു പഠിക്കുന്ന സ്വാതി രണ്ടാഴ്ച മുൻപാണ് റസ്റ്ററന്റിൽ ജോലിക്കു ചേർന്നത്. അച്ഛൻ എം.കെ.സജീവ് വെൽഡിങ് ജോലിക്കാരനാണ്. ഇരുകാലിനും ശസ്ത്രക്രിയ ചെയ്തതിനാൽ മാസങ്ങളോളം പ്ലാസ്റ്ററിടേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പഠനം പാതിവഴിയിൽ മുടങ്ങുമോയെന്ന ആശങ്കയിലാണ് സ്വാതി. പരുക്കേറ്റ മൂന്നുപേരെയും രണ്ടുദിവസത്തിനകം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യും. ഇത്രയും വലിയ ആശുപത്രി ബിൽ എങ്ങനെ നൽകുമെന്ന ആശങ്കയിലാണ് എല്ലാവരും. അസം സ്വദേശികളായ ഹവാസും റോക്കിയും പോകാനിടമില്ലാതെ സങ്കടപ്പെടുകയാണ്. ജോലി ചെയ്തിരുന്ന റസ്റ്ററന്റുകാരും പൊലീസും തിരിഞ്ഞുനോക്കിയില്ലെന്നും ഇവർക്കു പരാതിയുണ്ട്.
മദ്യപിച്ചു വാഹനമോടിച്ച് മൂന്നുപേരെ ഇടിച്ചിട്ടു; എഎസ്ഐക്ക് സസ്പെൻഷൻ
മദ്യപിച്ചു വാഹനമോടിച്ച് മൂന്നുപേരെ ഇടിച്ചിട്ട് കാർ നിർത്താതെ പോയ അഴീക്കൽ കോസ്റ്റൽ പൊലീസ് ഗ്രേഡ് എഎസ്ഐക്ക് രജിത്തിനെ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. പന്ന്യന്നൂർ ചമ്പാട് മുതുവാടത്ത് വീട്ടിൽ എം.കെ.സ്വാതി, അസം സ്വദേശികളായ ഹവാസ് അലി, റോക്കി ബുൾ എന്നിവരാണ് അപകടത്തിൽ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. 21ന് പുലർച്ചെ 12.15ന് കണ്ണോത്തുംചാലിൽ മൂവരെയും ഇടിച്ചിട്ടു നിർത്താതെ കാറുമായി കടന്നുകളയുകയായിരുന്നു രജിത്ത്. രജിത്തിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ടൗൺ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കമ്മിഷണർ നടപടിയെടുത്തത്.
