മാനന്തവാടി-മട്ടന്നൂർ നാലുവരിപ്പാത നഷ്ടപരിഹാരം ഉറപ്പാക്കി നിർമാണം ത്വരിതപ്പെടുത്തണം; ബ്ലോക്ക് പഞ്ചായത്ത്
പേരാവൂർ: വയനാട്, കണ്ണൂർ ജില്ലകളുടെ ഗതാഗത, സാമ്പത്തിക, ടൂറിസം വികസനത്തിന് നിർണായകമാകുന്ന മാനന്തവാടി-കൊട്ടിയൂർ- പേരാവൂർ- മട്ടന്നൂർ- കണ്ണൂർ വിമാനത്താവള നാലുവരിപ്പാതയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രമേയം.പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്ന കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരവും പുനരധിവാസ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും ഭരണസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിലവിലുള്ള കെട്ടിടങ്ങളുടെയും വീടുകളുടെയും കാലപ്പഴക്കം മാത്രം മാനദണ്ഡമാക്കി നഷ്ടപരിഹാരത്തുക കുറയ്ക്കുന്ന സമീപനം ഒഴിവാക്കണം. പുനർനിർമാണച്ചെലവ്, യഥാർത്ഥ നഷ്ടം, പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ എന്നിവ കണക്കിലെടുത്ത് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കണം.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പ്രത്യേക ജനസമ്പർക്ക സംവിധാനം ഏർപ്പെടുത്തണം. സർവീസ് റോഡുകൾ, ജങ്ങ്ഷൻ വികസനം തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ പ്രദേശത്ത് ഉറപ്പാക്കണം.
വൈസ് പ്രസിഡന്റ് ബൈജു വർഗീസ് പ്രമേയമവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങൾ കൈയുയർത്തി പിന്തുണച്ചതോടെ പ്രമേയം ഐക്യകണ്ഠേന പാസാക്കി. പ്രമേയത്തിന്റെ പകർപ്പ് മുഖ്യമന്ത്രി, പൊതുമരാമത്ത്-റവന്യൂ മന്ത്രിമാർ, കേന്ദ്ര മന്ത്രാലയങ്ങൾ, ജില്ലാ ഭരണകൂടം എന്നിവർക്ക് അടിയന്തര നടപടിക്കായി അയച്ചുകൊടുക്കും.
