‘മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചു’; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പരാതി

Share our post

കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് മുഹമ്മദ് ഷമ്മാദ് കണ്ണൂര്‍ ഡിഐജിക്ക് പരാതി നല്‍കിയത്. ‘ചോരയ്ക്ക് ചോര’ എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. യുഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട അതിക്രമങ്ങള്‍ക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞതെന്നും മുഹമ്മദ് ഷമ്മാസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

പൊതുസമൂഹത്തില്‍ സ്പര്‍ദ്ധയും തെറ്റിദ്ധാരണയും വളര്‍ത്തുന്ന രീതിയിലാണ് എം വി ഗോവിന്ദനും കെ കെ രാഗേഷും പ്രസ്താവന നടത്തിയത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കണം. വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണം. ബിഎന്‍എസ് സെക്ഷന്‍ 353, ഐടി ആക്ടിലെ 356 എന്നിവ പ്രകാരം കേസെടുക്കണമെന്നും മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രസംഗ വീഡിയോ, മാധ്യമ വാര്‍ത്തകള്‍, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ തെളിവായി പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മന്ത്രി ഒ ജെ ജനീഷ് നയിച്ച ‘ജന്‍ ഇന്ത്യ മൂവ്‌മെന്റ്’ പദയാത്രയുടെ സമാപന പരിപാടിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ‘നിങ്ങളുടെ ചോരയില്‍ നിന്ന് കൂടി പിണറന്നതാണ് ഈ സര്‍ക്കാര്‍. നിങ്ങളെ സങ്കടപ്പെടുത്തില്ല. നിങ്ങളെ പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങള്‍ പകരം ചോദിക്കും. പകരം ചോദിക്കും. ഒന്നും മറക്കില്ല. മറക്കാന്‍ പറ്റുന്നില്ല, അതാണ്. അധികാരത്തില്‍ വരുമ്പോള്‍ എല്ലാം മറക്കണം എന്നാണ്. അതാണ് രീതി. പറ്റുന്നില്ല. അത്രയും ചോര കണ്ടവരാണ് ഞങ്ങള്‍. നിങ്ങളുടെ ചോര. നമ്മുടെ യുവജന വിദ്യാര്‍ത്ഥികളോട്, പ്രവര്‍ത്തകരോട് എന്ത് അതിക്രമമമാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. എത്ര ക്രൂരമായാണ് അവരെ നേരിട്ടത്. അതൊന്നും സര്‍ക്കാര്‍ മറക്കില്ല. ഓരോന്നിനോടും എണ്ണിയെണ്ണി ചോദിക്കും. ഒരു സംശയവും വേണ്ട. അതിലൊന്നും ഒരു വിട്ടുവീഴ്ചയുമില്ല. അതുകൊണ്ടാണ് അന്വേഷണങ്ങള്‍ നടക്കുന്നത്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമുകള്‍ ഉണ്ടായത്. ആരെല്ലാം ഉത്തരവാദികളാണോ അവരെല്ലാം അകത്തുപോകും’, എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ എം വി ഗോവിന്ദന്‍, കെ കെ രാഗേഷ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ‘ചോരയ്ക്ക് ചോര’ എന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നായിരുന്നു എം വി ഗോവിന്ദന്‍ ചോദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനവും ജനങ്ങളോടും ഭരണഘടനാമൂല്യങ്ങളോടുമുള്ള വെല്ലുവിളിയുമാണ്. രാജ്യത്ത് ഒരു മുഖ്യമന്ത്രിയും ഇത്തരമൊരു പ്രസ്താവന നടത്തിക്കാണില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗം വിവാദമായ പശ്ചാത്തലത്തിലായിരുന്നു കെ കെ രാഗേഷിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ചോരയ്ക്ക് ചോര പ്രസ്താവനയേക്കാള്‍ വലുതല്ല ടി ഐ മധുസൂദനന്റെ വാക്കുകളെന്നായിരുന്നു കെ കെ രാഗേഷ് പറഞ്ഞത്. മുഖ്യമന്ത്രി നടത്തിയ വിവാദ പ്രസ്താവനയില്‍ ആര്‍ക്കും പ്രയാസമില്ല. മധുസൂദനന്റെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ ആ വേശമാണെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!