‘7.5 ലക്ഷം രൂപ വേണം, രക്ഷപെടാനും സാധ്യതയില്ല’; ഡോക്ടറുടെ വാക്കിൽ മനംനൊന്ത് ഹൃദ്‍രോ​ഗി മരിച്ചു; പരാതി

Share our post

തിരുവനന്തപുരം: ശസ്ത്രക്രിയ നടത്തിയാലും ഒരു ശതമാനം പോലും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ചികിത്സയ്ക്ക് ഏഴരലക്ഷം രൂപ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞതിൽ മനംനൊന്ത്‌ യുവാവ്‌ മരിച്ചതായി പരാതി. ആറ്റിങ്ങൽ ആലംകോട് സ്വദേശി ബിസ്മില്ലാ ഖാനാണ് (37) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോ​ഗ്യനില വഷളായി മരിച്ചത്. കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോ റോഷൻ റഷീദിനെതിരെയാണ് പരാതി.

ഹൃദയവാൽവിലെ അണുബാധയെ തുടർന്ന് യുവാവ് ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയ്ക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ നിർദേശിച്ചിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്കായി കാർഡിയോ തൊറാസിക് വിഭാഗത്തിലേക്ക് മാറ്റി. ഡോ.റോഷനാണ് ശസ്ത്രക്രിയ സംബന്ധമായ കാര്യങ്ങൾ നോക്കിയിരുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ഇയാൾ രോഗിയുടെ മുഖത്തു നോക്കി ഒരു ശതമാനം പോലും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ചികിത്സയ്ക്ക് ഏഴരലക്ഷം രൂപയുടെ ചികിത്സാ സാമഗ്രികൾ വേണമെന്നും നിർദയം പറഞ്ഞെന്നാണ് പരാതി. തുടർന്ന് ശസ്ത്രക്രിയയ്ക്കു ശേഷവും ഐസിയു ചികിത്സ, ഡയാലിസിസ് തുടങ്ങിയവ വേണ്ടി വരുന്നതിനാൽ ആകെ 17 ലക്ഷം രൂപ വരെ ആകുമെന്നു ബന്ധുക്കളോടും പറഞ്ഞിരുന്നു. ബിസ്മില്ലാ ഖാൻ തട്ടുകട നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. രോഗിയുടെ ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനോടു ചോദിച്ചപ്പോൾ ചികിത്സയ്ക്ക് രണ്ടരലക്ഷം രൂപ മതിയാകുമെന്നു പറഞ്ഞിരുന്നു. എന്നിട്ടും ശസ്ത്രക്രിയ നടത്താതെ ദിവസങ്ങളോളം അവഗണിക്കുകയും ചെയ്തു.

ഡോക്ടറുടെ വൈരാഗ്യ ബുദ്ധിയോടെയുള്ള നിലപാടിൽ രോഗിയ്ക്ക് മനോവിഷമമുണ്ടാകുകയും ആരോഗ്യനില വഷളായി വ്യാഴാഴ്ച മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ബിസ്മില്ലാ ഖാൻ്റെ സഹോദരി ആശുപത്രി സൂപ്രണ്ടിനു നൽകിയ പരാതിയിൽ പറയുന്നു. പരാതിയിന്മേൽ ആശുപത്രി സൂപ്രണ്ട് വകുപ്പുമേധാവിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!