ദുരിതം, ട്രെയിനോളം നീളത്തിൽ; കണ്ണൂർ – കോഴിക്കോട് റൂട്ടിലെ ലോക്കൽ ട്രെയിൻ ക്ഷാമം യാത്രക്കാർക്ക് ഇരുട്ടടി
കണ്ണൂർ : കണ്ണൂരിനു വടക്കോട്ട് ലോക്കൽ ട്രെയിൻ ക്ഷാമത്താൽ യാത്രക്കാർ ദുരിതം നേരിടുമ്പോൾ കണ്ണൂരിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ലോക്കൽ ട്രെയിനുകളുടെ ക്ഷാമവും ഇരുട്ടടിയാകുന്നു. കോവിഡിനു മുൻപുണ്ടായിരുന്ന ലോക്കൽ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതാണ് ഉത്തരകേരളത്തിൽ യാത്രാദുരിതം ഇരട്ടിയാക്കുന്നത്. കണ്ണൂരിൽനിന്നു കാസർകോട്ടേക്കു കൂടി ഇവ നീട്ടണമെന്ന ആവശ്യത്തിനിടെയാണു നിർത്തലാക്കിയത്. കോഴിക്കോട് – കണ്ണൂർ പാസഞ്ചർ ട്രെയിനുകളാണ് ഇല്ലാതായത്.
ഹ്രസ്വദൂരത്തിൽ ലോക്കൽ ട്രെയിനുകളുണ്ടെങ്കിൽ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റുകളിലെ തിരക്ക് ഒഴിവാക്കാനാകും. കണ്ണൂരിൽനിന്നു വൈകുന്നേരം 5.20നു കണ്ണൂർ – ഷൊർണൂർ മെമു പുറപ്പെടുന്നതിനാൽ ഒരു മണിക്കൂറിനിടെ അതുവഴി കടന്നുപോകുന്ന എക്സ്പ്രസ് ട്രെയിനുകളിലൊന്നും കനത്തതിരക്ക് അനുഭവപ്പെടാറില്ല. രാവിലെയും രാത്രിയിലും ഓരോ ജോടി ലോക്കൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു.
കണ്ണൂർ സൗത്ത്, എടക്കാട്, ധർമടം, തലശ്ശേരി, ജഗന്നാഥ ടെംപിൾഗേറ്റ്, മാഹി, മുക്കാളി, നാദാപുരം റോഡ്, വടകര, ഇരിങ്ങൽ, പയ്യോളി, തിക്കോടി, വെള്ളറക്കാട്, കൊയിലാണ്ടി, ചേമഞ്ചേരി, എലത്തൂർ, വെസ്റ്റ്ഹിൽ, വെള്ളയിൽ സ്റ്റേഷനുകളിൽനിന്നു കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാർക്ക് ആശ്രയം ഈ ട്രെയിനുകളായിരുന്നു. കോഴിക്കോട്ടുനിന്നു വടക്കോട്ടു പോകുന്ന ജീവനക്കാരും വിദ്യാർഥികളും ദിവസവും ആശ്രയിച്ചിരുന്നതു കോയമ്പത്തൂർ– കണ്ണൂർ പാസഞ്ചറിനെയായിരുന്നു. കോഴിക്കോട്, വെള്ളയിൽ സ്റ്റേഷനുകളിൽനിന്നെല്ലാം ധാരാളം യാത്രക്കാരുമുണ്ടായിരുന്നു.
ഇപ്പോൾ വെള്ളയിൽ, വെസ്റ്റ്ഹിൽ, എലത്തൂർ, ചേമഞ്ചേരി, കൊയിലാണ്ടി, വെള്ളറക്കാട്, തിക്കോടി, പയ്യോളി, ഇരിങ്ങൽ, വടകര, നാദാപുരം റോഡ്, മുക്കാളി, മയ്യഴി, ജഗന്നാഥ ടെംപിൾ ഗേറ്റ്, തലശ്ശേരി, ധർമടം, എടക്കാട്, കണ്ണൂർ സൗത്ത് എന്നീ ചെറിയ സ്റ്റേഷനുകളിൽ യാത്രക്കാർ ആശ്രയിച്ചിരുന്ന ലോക്കൽ സർവീസുകളില്ല. പാസഞ്ചർ കോയമ്പത്തൂർ– കണ്ണൂർ എക്സ്പ്രസായി മാറിയതോടെ വെള്ളയിലും ചേമഞ്ചേരിയിലും വെള്ളറക്കാടും ഇരിങ്ങലുമൊന്നും സ്റ്റോപ്പില്ല.
കണ്ണൂരിൽനിന്നു കോഴിക്കോട്ടേക്കു ജോലിക്കും പഠനത്തിനും പോകുന്നവരാണു ദുരിതത്തിലായിരിക്കുന്നത്. വൈകുന്നേരം അഞ്ചിനു കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന പരശുറാം എക്സ്പ്രസിലെ തിരക്ക് ക്രമാതീതമായി വർധിച്ചപ്പോൾ അനുവദിച്ച പാലക്കാട്– കണ്ണൂർ ട്രെയിൻ എക്സ്പ്രസ് 5.35നു കോഴിക്കോട് വിട്ടാൽ കൊയിലാണ്ടിയിലാണ് അടുത്ത സ്റ്റോപ്. തലശ്ശേരി കഴിഞ്ഞാൽ പിന്നീട് കണ്ണൂരിലാണു നിർത്തുന്നത്. ജഗന്നാഥ ടെംപിൾ ഗേറ്റ്, ധർമടം, എടക്കാട്, കണ്ണൂർ സൗത്ത് എന്നിവിടങ്ങളിൽ ഇറങ്ങേണ്ട യാത്രക്കാർ മാഹിയിലും കണ്ണൂരിലുമായി ഇറങ്ങി ബസിൽ കയറി ലക്ഷ്യസ്ഥാനത്തെത്തേണ്ട അവസ്ഥയാണ്.
