പുസ്തകം എഴുതാന്‍ ആഗ്രഹമുണ്ട്; ഇതുവരെ ധൈര്യം ഉണ്ടായില്ല: മുഖ്യമന്ത്രി
കൊച്ചി: പുസ്തകം എഴുതാന്‍ ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. അതിനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് വിഷയങ്ങള്‍ തന്റെ മനസ്സിലുണ്ടെന്നും വായന ഒരു ലഹരിയാണെന്നും അദ്ദേഹം പറഞ്ഞു. പല ആശയങ്ങളും ലഭിച്ചത് നല്ല പുസ്തകങ്ങളിലൂടെയാണെന്ന് വി ഡി സതീശന് പറഞ്ഞു.
‘മാരിടൈം ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വായനയാണ് മിഷന് സമുദ്ര എന്ന ആശയത്തിലേക്ക് എന്നെ നയിച്ചത്. മറ്റൊരു വയോജനങ്ങളുടെ ജീവിതത്തിനെ കുറിച്ച് എന്നെ ചിന്തിപ്പിച്ചത്. എനിക്ക് ഒന്നും അറിയില്ല എന്ന് ഏറ്റവും വ്യക്തമായി എനിക്ക് അറിയാവുന്നത് കൊണ്ടാണ് ഹോംവര്‍ക്ക് ചെയ്യുന്നത്. സഹാനുഭൂതിയോടുകൂടിയുള്ള സദ്ഭരണമാണ് സര്‍ക്കാരിന്റെ നയം’, മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ പ്രായമായ ഒരാള്‍ പോലും സങ്കടപ്പെടരുത് എന്നാണ് തന്റെ സ്വപ്നമെന്നും വാക്കുകളില്‍ കാപട്യം കലര്‍ത്താതെ നേരെ മുന്നോട്ടുപോയാല്‍ ആര്‍ക്കും ഇഷ്ടപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയക്കാരന്റെ കൗശലവും കാപട്യവും എന്റെ വാക്കുകളില്‍ ഉണ്ടായിരുന്നില്ല. അതാണ് ആളുകള്‍ എന്നെ തിരിച്ചറിഞ്ഞ് ഇഷ്ടപ്പെട്ടത്. ജനപ്രതിനിധിക്ക് വേണ്ടത് ജനനനയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ജനങ്ങളുടെ കാര്യത്തില്‍ എനിക്ക് വലിയ പേടിയുണ്ട്. അവര്‍ എന്നെ നോക്കിക്കാണുന്നു എന്ന പേടി എനിക്ക് എപ്പോഴും ഉണ്ട്. ആള്‍ക്കൂട്ടം ഉണ്ടാക്കുന്ന ബഹളത്തിന്റെ പുറകെ പോകേണ്ടവരല്ല നേതാക്കള്‍ എന്നാണ് എന്റെ വായന എന്നെ പഠിപ്പിച്ചത്. കേരളം മുഴുവന്‍ അറബിക്കടല്‍ പോലെ ഇളകി വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും മാറില്ല എന്ന വാക്ക് ഞാന്‍ ആവര്‍ത്തിക്കുന്നു. നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടാണ് ഞാന്‍ പോരാടുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.
