വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തുക വർധിപ്പിച്ചു; മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇനി 17.5 ലക്ഷം രൂപ

Share our post

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക സർക്കാർ ഗണ്യമായി വർധിപ്പിച്ചു. വന്യജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് നൽകിവന്നിരുന്ന നഷ്ടപരിഹാരത്തുക 17.5 ലക്ഷം രൂപയാക്കി. നേരത്തെ ഇത് 14 ലക്ഷം രൂപയായിരുന്നു. പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണം മൂലമുള്ള മരണങ്ങൾക്ക് 5 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക.

അതോടൊപ്പം, ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായവും വർധിപ്പിച്ചിട്ടുണ്ട്. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം 2 ലക്ഷം രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായും 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്ക് നൽകിയിരുന്ന 2.5 ലക്ഷം രൂപ 3,12,500 രൂപയായും ഉയർത്തിയിട്ടുണ്ട്.

ചികിത്സാ സഹായം: ആശുപത്രിവാസം ആവശ്യമായി വരുന്ന പരിക്കുകൾക്ക് പുതിയ ഉത്തരവ് പ്രകാരം പരിക്കിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് 1,25,000 രൂപ വരെ ലഭിക്കാവുന്നതാണ്. ഒരാഴ്ചയ്ക്ക് മുകളിൽ ആശുപത്രിവാസം വേണ്ടിവരുന്ന ഗുരുതര പരിക്കുകൾക്ക് ഒരു ലക്ഷം രൂപ വരെ സിഎംഡിആർഎഫിൽ നിന്നും അനുവദിക്കാം. അതീവഗുരുതരമായി പരിക്കേൽക്കുന്നവർക്കും ദീർഘകാലം ചികിത്സ ആവശ്യമായി വരുന്നവർക്കും ചികിത്സയ്ക്കായി വൻതുക ചെലവാകുന്ന സാഹചര്യത്തിൽ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, ചികിത്സയ്ക്ക് ചെലവായ യഥാർഥ തുക സിഎംഡിആർഎഫിൽ നിന്നും അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

ധനസഹായം വര്‍ധിപ്പിക്കാൻ സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി തീരുമാനിച്ചിരുന്നു. വന്യജീവി ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ പുതിയ ഉത്തരവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!