2000 വർഷം മുൻപ് ജനങ്ങൾ അധിവസിച്ചിരുന്നതിന്റെ തെളിവ്; നിട്ടടുക്കത്ത് വിസ്മയമായി ചെങ്കല്ലറ

Share our post

കാഞ്ഞങ്ങാട് : നിട്ടടുക്കത്ത് ചെങ്കല്ലറ കണ്ടെത്തി. രണ്ടായിരം വർഷം മുൻപ് മഹാശിലാ കാലഘട്ടത്തിൽ ജനങ്ങൾ അധിവസിച്ചിരുന്നതിന്റെ തെളിവാണ് ചെങ്കല്ലറ. വിപ്രോ ഉദ്യോഗസ്ഥനായ നിട്ടടുക്കം ചിത്തിരയിൽ താമസിക്കുന്ന എൻ.സജിത്ത് കുമാറിന്റെ വീട്ടുപറമ്പിലാണ് ചെങ്കല്ലറ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച് ചെങ്കല്ലറയാണെന്നു സ്ഥിരീകരിച്ചു. രണ്ടായിരം വർഷം മുൻപു തന്നെ ജനാധിവാസ കേന്ദ്രമായിരുന്നു കാഞ്ഞങ്ങാട് എന്നതിന്റെ തെളിവാണ് ചെങ്കല്ലറ. ശവസംസ്കാരത്തിന്റെ ഭാഗമായി ഭസ്മം, അസ്ഥികൾ, മറ്റ് വസ്തുക്കൾ എന്നിവ നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പ് ആയുധങ്ങളും അടക്കം ചെയ്താണ് മഹാശിലാ കാലഘട്ടത്തിൽ ചെങ്കല്ലറകൾ നിർമിച്ചിരുന്നത്.

ചെങ്കൽപാറ തുരന്നാണ് ചെങ്കല്ലറ നിർമിച്ചത്. വൃത്താകൃതിയിലുള്ള ഉൾഭാഗത്ത് നിന്നു പുറത്തേക്കുള്ള കവാടം കല്ലുകൊണ്ടു അടച്ച നിലയിലാണ്. പടികളോടുകൂടി കാണപ്പെടാറുള്ള ഭാഗം മണ്ണുമൂടിയ നിലയിലാണ്. ഒരാൾക്ക് ഗുഹയിലേക്ക് ഊഴ്ന്നിറങ്ങാൻ പാകത്തിൽ ദ്വാരവും ഉണ്ട്. ദ്വാരം അടയ്ക്കാൻ ഉപയോഗിച്ച കല്ലുകൊണ്ടുള്ള അടപ്പ് താഴെ വീണനിലയിലാണ്.

അതിനു പകരമായാണ് വലിയ പാറക്കഷ്ണം സ്ഥലമുടമകൾ 75 വർഷം മുൻപ് കയറ്റി വച്ചതെന്നു കരുതുന്നു. കാഞ്ഞങ്ങാട് കണ്ടെത്തിയ ചെങ്കല്ലറയുടെ മുകൾഭാഗത്ത് മധ്യത്തിൽ 50 സെന്റിമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലുള്ള ദ്വാരമുണ്ട്. രണ്ട് മീറ്റർ ആഴത്തിലുള്ള ദ്വാരത്തിന് താഴെയായി വൃത്താകൃതിയിലാണ് ചെങ്കല്ലറയുള്ളത്. ചെങ്കല്ലറയുടെ ഉൾഭാഗത്ത് മണ്ണു നിറഞ്ഞതിനാൽ മൺപാത്രങ്ങൾ കാണാനാകുന്നില്ലെന്നും നന്ദകുമാർ കോറോത്ത് പറ‍ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!