ഒടുവിൽ ഇരുമുടിക്കെട്ടും ആമസോണിലെത്തി, വില 500 രൂപ മുതൽ
കോട്ടയം: വ്രതമെടുത്ത് ശബരിമല ദർശനത്തിനൊരുങ്ങുന്ന അയ്യപ്പഭക്തർക്കും വിലക്കയറ്റം വെല്ലുവിളിയാകുകയാണ്. ഇരുമുടിക്കെട്ട് നിറയ്ക്കാൻ ഇരട്ടിത്തുക ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഭക്തർ. ശബരിമല തീർത്ഥാടനത്തിന് ആവശ്യമായ ഇരുമുടിക്കെട്ട് സാമഗ്രികൾക്കെല്ലാം ഓരോ വർഷവും വില വർദ്ധിക്കുകയാണ്. തേങ്ങ, നെയ്, ശർക്കര, അവൽ തുടങ്ങിയവയ്ക്കെല്ലാം വില വർദ്ധിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന തേങ്ങയാണ് ഇത്തവണ വിപണിയിൽ കൂടുതലും. ഇടനിലക്കാരുടെ ഇടപെടൽ കൂടിയതും വിലവർദ്ധനയ്ക്ക് കാരണമാകുന്നതായി വ്യാപാരികൾ പറയുന്നു. നെയ്യുടെ വിലയിലും വലിയ വർദ്ധനയുണ്ട്. അതേസമയം സാമ്പ്രാണി, കർപ്പൂരം, പനിനീര് തുടങ്ങിയവയുടെ വിലയിൽ കാര്യമായ മാറ്റമില്ല
ഓൺലൈൻ ഇരുമുടിക്കെട്ട്
സീസൺ ആരംഭിച്ചതോടെ കെട്ടുനിറയ്ക്ക് ആവശ്യമായ സഞ്ചികൾ, നെയ്യ്, പൂജാദ്രവ്യങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ ഓൺലൈനായും ലഭ്യമാണ്. ഓൺലൈൻ ഇരുമുടിക്കെട്ടുകൾ ആമസോൺ വഴി ലഭ്യമാണ്. 500 രൂപ മുതലാണ് കിറ്റിന്റെ വില. കോംബോ പായ്ക്ക് 899 രൂപ, സമ്പൂർണ്ണ കിറ്റ് 1250 രൂപ, പ്രീമിയം കിറ്റ് 3299 എന്നിങ്ങനെയാണ് വിലനിലവാരം.
വില നിലവാരം
മാല : 30 രൂപ മുതൽ 300 രൂപ വരെ
മലര്: കിലോ 140 രൂപ വരെ
തേങ്ങ: കിലോ 60 രൂപ
അവൽ: കിലോ 70 രൂപ
കൽക്കണ്ടം: കിലോ 80 രൂപ
നെയ്: കിലോയ്ക്ക് 720 രൂപ
മുന്തിരിങ്ങ: കിലോ 400 രൂപ
തോൾസഞ്ചി: 50 രൂപ മുതൽ 300 രൂപ വരെ
നല്ലെണ്ണ: ലിറ്ററിന് 380 മുതൽ 650 വരെ
വിളക്കെണ്ണ: ലിറ്ററിന് 390 രൂപ
കർപ്പൂരം: 10 രൂപ മുതൽ 50 രൂപയുടെ പായ്ക്കറ്റുകൾ
കറുത്ത മുണ്ട്: 150 രൂപ മുതൽ 300 വരെ
കറുത്ത ഷർട്ട്: 290 രൂപ മുതൽ
