ഇന്നും നാളെയും പൊള്ളും, 10 മുതൽ മഴയെന്ന് പ്രവചനം; സാധാരണയിലും നാല് ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും
തിരുവനന്തപുരം ∙ കേരളത്തിൽ നിലവിൽ കാലവർഷം ദുർബലമെങ്കിലും വരും ദിവസങ്ങളിൽ മഴ കൂടുമെന്നാണ് പ്രവചനം . ഇന്നും നാളെയും ചൂട് ഇതേപടി തുടരും. 10 മുതൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴ ലഭിച്ചേക്കും. ഒപ്പം സാധാരണയിലും നാല് ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും. 10, 11 തീയതികളിൽ വ്യാപകമായി മഴ ലഭിക്കാം. തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
വടക്കു പടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങിയതോടെ മഴ മേഘങ്ങളില്ലാതെയായി. സൂര്യ രശ്മികൾ ഭൂമിയിലേക്കു ലംബമായി പതിക്കുന്ന സമയമാണിത്. മഴമേഘങ്ങളുടെ മറയില്ലാതെ സൂര്യരശ്മികൾ ഭൂമിയിലേക്കു പതിക്കുന്നതാണു ചൂടു ക്രമാതീതമായി വർധിക്കാൻ പ്രധാന കാരണം. അന്തരീക്ഷ ആർദ്രതയും (ഹ്യുമിഡിറ്റി) കൂടുതലാണ്. ഇതും ചൂടു കാരണമുള്ള അസ്വസ്ഥതയ്ക്കു കാരണമാണ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നതിനാൽ ഈ ആഴ്ച പകുതിയോടെ മഴയെത്തുമെന്നാണു സൂചന.
