‘റീല്‍ നിര്‍മാതാക്കള്‍ മാധ്യമപ്രവര്‍ത്തകരല്ല’; സുപ്രിംകോടതിയില്‍ ഡല്‍ഹി പൊലീസ്

Share our post

ന്യൂഡല്‍ഹി: പ്രതിഷേധ സ്ഥലങ്ങളില്‍ വീഡിയോ ചിത്രീകരിക്കുന്ന സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍മാര്‍ക്ക് അംഗീകൃത മാധ്യമപ്രവര്‍ത്തകരുടെ നിയമസംരക്ഷണം ലഭിക്കില്ലെന്ന് സുപ്രിംകോടതിയില്‍ ഡല്‍ഹി പൊലീസ്. ഇവര്‍ സാധാരണ പൗരന്മാര്‍ക്കുള്ള നിയമങ്ങളും നിയന്ത്രിത മേഖലകളിലെ നിര്‍ദേശങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പൊലീസ് പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകർക്ക് സംരക്ഷണം നല്‍കണമെന്ന ഉത്തരവില്‍ റീല്‍ നിര്‍മാതാക്കളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡല്‍ഹി പൊലീസ് ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ നടന്ന ‘നിയമവിരുദ്ധ പ്രതിഷേധ’ത്തിലേക്ക് കാമറകളും മൈക്രോഫോണുകളുമായി എത്തുന്ന യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരെയും യൂട്യുബര്‍മാരെയും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പൊലീസ് പറഞ്ഞു.

പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ തുറന്നുകാട്ടുന്നതിന് വേണ്ടി മാത്രമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതെന്നും പൊലീസ് പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചതെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, ഫ്രീ സ്പീച്ച് കളക്ടീവ്, ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ്, കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഇതിനെതിരെയാണ് ഡല്‍ഹി പൊലീസ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

എന്നാല്‍, മാധ്യമപ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത രീതികളും ജോലിയുടെ സ്വഭാവവും തമ്മില്‍ പൊലീസ് കൂട്ടികുഴക്കുകയാണെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സ്വതന്ത്ര റിപ്പോട്ടര്‍മാര്‍ പ്രതികരിച്ചു. മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരിലേക്ക് മാത്രം പത്രപ്രവര്‍ത്തനത്തെ ഒതുക്കാനാകില്ലെന്നും രേഖപ്പെടുത്താതെ പോയ പല സംഭവങ്ങളും സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നതെന്നും റിപ്പോട്ടര്‍മാര്‍ പറയുന്നു.

നവംബറിന്റെ തുടക്കത്തില്‍, കെയുഡബ്ല്യൂജെ സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പൊലീസിനും സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകം സമര്‍പ്പിച്ച ഹരജിയിലായിരുന്നു നോട്ടീസ്. മലയാളി മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!