കറി ഉണ്ടാക്കാത്തതിനെച്ചൊല്ലി തർക്കം; ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി
മലപ്പുറം: വീട്ടിൽ കറി ഉണ്ടാക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല(38)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. ജോലിക്ക് പോയ റഷീദ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഫസീല കറി ഉണ്ടാക്കിയിരുന്നില്ല. ഇതിനേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് റഷീദ് കത്തി ഉപയോഗിച്ച് ഫസീലയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റഷീദ് മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം പ്രശ്നങ്ങളും വഴക്കുകളും ഉണ്ടാക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.
